ദുബായിൽ ഇ–സ്കൂട്ടറിനും പെർമിറ്റ് വരുന്നു. ഈ മാസം അവസാനത്തോടെ ദുബായ് ഇ-സ്കൂട്ടർ പെർമിറ്റ് നൽകിത്തുടങ്ങുമെന്നു റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പ്രഖ്യാപിച്ചു. എന്നാൽ, പ്രാദേശിക, രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ഉള്ളവര്‍ക്കു പെർമിറ്റ് ആവശ്യമില്ല.

ഉപയോക്താക്കൾക്കു സൗജന്യ പെർമിറ്റിനായി വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പരിശീലന കോഴ്സുകളിൽ പങ്കെടുക്കുകയും ഓൺലൈൻ പരീക്ഷയിൽ വിജയിക്കുകയും ചെയ്യുന്നവർക്കാണ് അനുമതി ലഭിക്കുക. ചില പ്രത്യേക പ്രദേശങ്ങളിലെ സുരക്ഷിതമായ റോഡുകളിൽ സ്കൂട്ടറുകൾ ഓടിക്കാൻ പെർമിറ്റ് നേടേണ്ടതാണ്. സ്‌കൂട്ടർ യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചും ഒാടിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാൻ ആർടിഎ ക്യാംപെയിൻ ആരംഭിക്കും.

10 ജില്ലകളിൽ ഇ-സ്കൂട്ടറുകൾ ഒാടിക്കാം

ഇൗ മാസം 13 മുതൽ ദുബായിലുടനീളമുള്ള 10 ജില്ലകളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അനുവദിക്കും. 2020 ഒക്ടോബറിൽ ആരംഭിച്ച ഇ-സ്കൂട്ടറുകളുടെ ട്രയൽ ഓപറേഷന്റെ വൻ വിജയത്തിനു ശേഷമാണ് ഈ നടപടിയെന്ന് ആർടിഎയും ദുബായ് പൊലീസും പറഞ്ഞു.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊള്‍വാർഡ്, ജുമൈറ ലേയ്ക്‌സ് ടവേഴ്‌സ്, ദുബായ് ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവയാണു പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു. ഖിസൈസ്, മൻഖൂൽ, കരാമ എന്നിവിടങ്ങളിലെ നിർദിഷ്ട സോണുകൾക്കുള്ളിലെ സുരക്ഷിതമായ റോഡുകളും ട്രാക്കുകളും സൈഹ് അസ്സലാം, അൽ ഖുദ്ര, മെയ്ദാൻ എന്നിവയൊഴികെ ദുബായിലുടനീളമുള്ള സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമായി നിര്‍ദേശിച്ച 167 കിലോമീറ്റർ നീളമുള്ള ട്രാക്കുകളും ഉൾക്കൊള്ളുന്നു. നിർദ്ദിഷ്‌ട ജില്ലകളിലെ ഇ-സ്‌കൂട്ടർ വാടക രണ്ട് ഇന്റർനാഷണൽ (ടയർ ആൻഡ് ലൈം), രണ്ട് ലോക്കൽ (അർണാബ്, സ്കർട്ട്) എന്നിങ്ങനെ നാലു കമ്പനികൾക്കു മാത്രമായി പരിമിതപ്പെടുത്തി. 2,000 ഇ-സ്‌കൂട്ടറുകളെങ്കിലും കമ്പനികൾ വിന്യസിക്കുമെന്നും അൽ തായർ കൂട്ടിച്ചേർത്തു. പരീക്ഷണ ഘട്ടത്തിൽ, നാല് ഓപറേറ്റർമാർക്കും 82 ശതമാനം വരെ ഉപഭോക്തൃ സംതൃപ്തി റേറ്റിങ് ലഭിച്ചു.

അശ്രദ്ധമായ പാർക്കിങ്ങിന് 200 ദിർഹം പിഴ

വാഹനങ്ങളുടെയോ കാൽനടയാത്രക്കാരുടെയോ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുന്നതോ റോഡ് ഉപയോക്താക്കൾക്ക് അപകടസാധ്യത ഉണ്ടാക്കുന്നതോ ആയ ഇടങ്ങളിൽ ബൈക്കോ ഇ– സ്കൂട്ടറോ പാർക്ക് ചെയ്താൽ 200 ദിർഹം പിഴ ലഭിക്കും. ദുബായിലെ ഇ-സ്കൂട്ടറുകൾ അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. അനുവദനീയമായ പ്രദേശങ്ങളിൽ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. അവ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗത സ്റ്റേഷനുകൾക്ക് സമീപവുമാണ്.

താമസക്കാരെയും സന്ദർശകരെയും ഇ– സ്‌കൂട്ടറുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇ-സ്കൂട്ടർ ഓടിക്കാനുള്ള നിയമങ്ങൾ ഈയിടെ പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിൽ ഇ-സ്‌കൂട്ടറുകൾ ആർടിഎ നിശ്ചയിക്കുന്ന അനുവദനീയമായ പ്രദേശങ്ങളിലും ട്രാക്കുകളിലും മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നു. നടപ്പാതകളിലോ ഓടുന്ന ട്രാക്കിലോ അവരെ അനുവദിക്കില്ല. ബാറ്ററി കത്തിയുള്ള അപകടങ്ങളും പതിവ് സാങ്കേതിക തകരാറുകളും ഒഴിവാക്കാൻ ഉയർന്ന നിലവാരമുള്ള ഇ-സ്കൂട്ടറുകൾ തിരഞ്ഞെടുക്കാൻ ആർടിഎ ആവശ്യപ്പെട്ടു.

ചില നിബന്ധനകൾ:

–റൈഡർമാർ അവരെ തിരിച്ചറിയുന്ന വസ്ത്രങ്ങളും ഹെൽമെറ്റുകളും ധരിക്കണം.

–ഇ–സ്കൂട്ടറിൽ സാധനങ്ങൾ കൊണ്ടുപോകുന്നത് ഒഴിവാക്കുക.

–മറ്റു വാഹനങ്ങളിൽ നിന്നും കാൽനടയാത്രക്കാരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുക.

  • വെള്ള ഹെഡ്‌ലൈറ്റ്, ചുവപ്പ്, റിഫ്‌ളക്‌റ്റീവ് ലൈറ്റുകൾ എന്നിവ ഘടിപ്പിക്കുക.
  • അപകടങ്ങൾ പൊലീസിലോ ആംബുലൻസിലോ ആർടിഎയിലോ റിപ്പോർട്ട് ചെയ്യണം.
  • സൈക്ലിസ്റ്റുകളും ബൈക്ക് യാത്രക്കാരും എപ്പോഴും റോഡിന്റെ വലതുവശത്ത് വേണം യാത്ര ചെയ്യാൻ.

– പാത മാറ്റുന്നതിന് മുൻപു കൈ സിഗ്നലുകൾ നൽകുകയും സുരക്ഷിതമായി നീങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കുകയും വേണം.

  • ബൈക്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതും അനുവദനീയമല്ല.
  • 16 വയസ്സിനു താഴെയുള്ളവർ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here