റമസാനിൽ യുഎഇയിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ നാലിരട്ടി വർധന. പ്രവാസി മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ആളുകളാണ് യുഎഇയിൽനിന്ന് ദിവസേന ഉംറയ്ക്ക് പോകുന്നത്. തിരക്കു കൂടിയതോടെ നിരക്കും കുത്തനെ ഉയർന്നു. വിമാന മാർഗം പോകുന്നതിന് ഇരട്ടിയിലേറെ തുക കൊടുക്കണം.

റോഡ് മാർഗം ബസ്സിലാണ് യാത്രയെങ്കിൽ നിരക്ക് 75% വരെ വർധിച്ചിട്ടുണ്ട്. റമസാനിൽ അവസാന പത്തിലേക്കുള്ള ഉംറയ്ക്ക് വിമാന ബുക്കിങ് തീർന്നതായും ചില ഏജൻസികൾ അറിയിച്ചു. ഇതേസമയം തനിച്ചു പോകുന്നവർക്ക് വിമാനത്തിൽ സീറ്റ് ലഭ്യമാണെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടിവരും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ 2 റമസാനിലും ഉംറ ചെയ്യാൻ സാധിക്കാതിരുന്നവർ ഇത്തവണ മുന്നോട്ടുവന്നതാണ് തിരക്കു കൂടാൻ കാരണം.

റമസാന് മുൻപ് വിമാനത്തിൽ പോകുന്നതിന് 5 ദിവസത്തെ പാക്കേജിന് ഉംറ ഏജൻസികൾ ഈടാക്കിയിരുന്നത് 3700 ദിർഹമാണെങ്കിൽ ഇപ്പോൾ അത് 7400 ആയി. ബസിൽ 10 ദിവസത്തെ പാക്കേജിന് നേരത്തെ 1600 ദിർഹത്തിന് പോയിരുന്നത് ഇപ്പോൾ 2700 ആയും കൂടി. റമസാന് മുൻപ് ഒരു ഉംറ ഏജൻസി ആഴ്ചയിൽ ഒരു ബസിലാണ് തീർഥാടകരെ കൊണ്ടുപോയിരുന്നത്. ഇപ്പോൾ അഞ്ചിലേറെ ബസുകൾ ‍സർവീസ് നടത്തിയിട്ടും മുഴുവൻ തീർഥാടകരെയും ഉൾക്കൊള്ളാനാവുന്നില്ലെന്ന് ഉംറ ഏജൻസികൾ പറയുന്നു.

റമസാനിലെ അവസാന പത്തിൽ ഹറം പള്ളിയിൽ ഇഅ്തികാഫിന് (ഭജനയിരിക്കൽ) ഇരിക്കാനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നതിനാൽ ഹോട്ടൽ മുറി ബുക്കിങിന്റെ നിരക്കും കുത്തനെ കൂടി. ഹറമിന്റെ സമീപത്തെ ഹോട്ടലുകളിൽ മുറിയുടെ ദിവസ വാടക 1000 റിയാലിലേറെയായി. ഇതാണ് അവസാന പത്തിലെ ഉംറ പാക്കേജിനും നിരക്കു കൂടുന്നതെന്നാണ് ഏജൻസികൾ പറയുന്നത്.സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സീൻ എടുത്ത 5 വയസ്സിനു മുകളിലുള്ളവർക്ക് ഉംറ നിർവഹിക്കാം. പാസ്പോർട്ടിന് 6 മാസത്തെയും യുഎഇ താമസ വീസയ്ക്ക് 3 മാസത്തെയും കാലാവധി വേണം.

LEAVE A REPLY

Please enter your comment!
Please enter your name here