പ്രവാസികള്‍ക്ക് കോവിഡ‍് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ് വരുത്തി കേരള സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാന കമ്പനികളോട് പിപിഇ കിറ്റ് സൌകര്യം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.

ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെയാണ് മുന്‍നിലപാടില്‍ അയവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. ഇവര്‍ പിപിഇ കിറ്റുകള്‍ ധരിച്ച് വേണം വിമാനത്തില്‍ യാത്ര ചെയ്യാന്‍. ഖത്തറിലും യുഎഇയിലും പരിശോധനാ സൗകര്യങ്ങളുള്ളത് കൊണ്ട് ഇവിടെ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്.

വിമാന കമ്പനികൾ തന്നെ പിപിഇ കിറ്റ് യാത്രക്കാർക്ക് നൽകണമെന്നാണ് നിർദേശം. എന്നാല്‍ ഇതിന്‍റെ ചെലവ് ആര് വഹിക്കണം, എന്ന് മുതല്‍ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടറിതല ചര്‍ച്ച നടത്തും. കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നല്‍കിയ ഇളവ് ഇന്ന് രാത്രിയോടെയാണ് അവസാനിക്കാനിക്കുന്നത്. ആവശ്യത്തിന് പിപിഇ കിറ്റ് ലഭ്യമായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍‌ നല്‍‌കിയ ഇളവ് കുറച്ച് ദിവസം കൂടി നീട്ടുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here