കൊറോണ വൈറസ് വ്യാപന മുൻകരുതൽ നടപടികളിലും പ്രതിരോധ പ്രോട്ടോക്കോളുകളിലും വീഴ്ച്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ പള്ളികളിലെ ജീവനക്കാർക്ക് സൗദി എട്ട് നിർദ്ദേശങ്ങൾ നൽകി. ഇസ്‌ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് ആലു ഷെയ്ക്ക് പുറത്തിറക്കിയ സർക്കുലറിൽ, പള്ളിയിലെ ചില ഉദ്യോഗസ്ഥർ, ഖത്തീബ്, ഇമാം, മുഅദ്ദിൻ, ആരാധകർ എന്നിവരുൾപ്പെടെയുള്ളവർക്ക് വേണ്ടിയാണ് പ്രോട്ടോക്കോളുകൾ നിർദേശങ്ങളുടെ പട്ടിക നൽകിയത്.

പ്രാർഥനക്കെത്തുന്നവർ നമസ്കരിക്കാനുള്ള മുസല്ല കൊണ്ടുവരിക തുടങ്ങിയ നേരത്തേയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുക, വായും മൂക്കും മൂടുന്ന വിധം മാസ്ക് ധരിക്കുക, വെള്ളിയാഴ്ച്കളിലെ പ്രാർഥന സമയത്തിന് ഒരു മണിക്കൂർ മുമ്പ് പള്ളി തുറക്കുകയും പ്രാർഥനക്ക് അര മണിക്കൂർ ശേഷം പള്ളി അടയ്ക്കുകയും ചെയ്യുക, രണ്ട് പേർക്കിടയിൽ 1.5 മീറ്റർ അകലം പാലിക്കുക, പള്ളികളിലെ പൊതു ഖുർആൻ പതിപ്പുകൾ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക, പള്ളിയിൽ വായുസഞ്ചാരം സുഗമമാക്കുന്നതിന് ആരാധകരുടെ പ്രവേശന സമയം മുതൽ പ്രാർഥന അവസാനിക്കുന്നത് വരെ ജനലും വാതിലും തുറന്നിടുക, വാട്ടർ ഡിസ്‌പെൻസർ, റഫ്രിജറേറ്റർ, മറ്റു ഭക്ഷണ പാനീയങ്ങൾ എന്നിവ നീക്കം ചെയ്യുക, പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും തിരക്ക് ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുക എന്നിവയാണ് നിർദേശത്തിൽ അടങ്ങിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അറിയിക്കുന്ന നിർദേശങ്ങൾ അപ്പപ്പോൾ പിന്തുടരാനും പള്ളി ജീവനക്കാരോട് അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here