റിയാദ്: സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ് പ്രകാരം സൗദിയില്‍ ഏപ്രില്‍ 29 മുതല്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. തുറക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം മന്ത്രാലയം പുറത്തിറക്കി. ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മന്ത്രാലയം വിപുലമായി പരിശോധന നടത്തുന്നുണ്ട്. ആയിരത്തോളം സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തിനിടെ പിഴ ചുമത്തി അടപ്പിച്ചിരുന്നു. സ്ഥാപനങ്ങള്‍ പാലിക്കേണ്ട ഉത്തരവുകള്‍ ഇവയാണ്.

1.സ്ഥാപനങ്ങളില്‍ ഇരിക്കുവാനും വിശ്രമിക്കുവാനുമുള്ള സീറ്റുകളോ സൗകര്യങ്ങളോ ഉണ്ടാകാന്‍ പാടില്ല. വിനോദം, പ്രാര്‍ഥന തുടങ്ങിയവക്കുള്ള സ്ഥലങ്ങള്‍ അടിച്ചിടണം.

2. ഇലക്ട്രോണിക് ഡോറുകളാണ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കേണ്ടത്. ഓട്ടോമാറ്റികായി തുറക്കുന്ന ഡോറുകള്‍ ഇല്ലാത്ത സ്ഥാപനങ്ങളാണെങ്കില്‍ അവര്‍ മുഴുവൻ സമയം ഡോര്‍ തുറന്നിടണം. അടച്ചിടുവാന്‍ പാടില്ല.

3. വിറ്റ വസ്തുക്കള്‍ തിരിച്ചെടുക്കുവാനോ തിരിച്ചു നല്‍കുവാനോ പാടില്ല. ഇതിനാല്‍ തന്നെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കളും സൂക്ഷിക്കണം. കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ പരാതിപ്പെടാം.

4. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ തമ്മില്‍ അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. നിലവിലെ ഉത്തരവ് പ്രകാരം പത്ത് മീറ്റര്‍ പരിധിയില്‍ ഒരു ഉപഭോക്താവ് എന്നതാണ് വ്യവസ്ഥ. ഇതില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ സ്ഥാപനത്ത് പുറത്ത് നിശ്ചിത അകലത്തില്‍ ക്യൂ പാലിക്കണം. ക്യൂ പാലിക്കുവാനുള്ള സ്റ്റിക്കറുകളോ അടയാളങ്ങളോ പതിക്കുകയും വേണം.

5. ഓരോ ഉപഭോക്താവും ഉപയോഗിച്ച ബാസ്കറ്റുകള്‍, ട്രോളികള്‍ എന്നിവ അണുമുക്തമാക്കണം. കടകളില്‍ പ്രവേശിക്കുന്നവര്‍ക്ക് ആവശ്യത്തിന് ഗ്ലൗസുകൾ സ്ഥാപനം ഉറപ്പു വരുത്തണം. ജീവനക്കാരെല്ലാം മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും ഇടക്കിടെ മാറ്റുകയും വേണം. സുരക്ഷക്കായി ജീവനക്കാര്‍ സ്വന്തം കൈകള്‍ അണുമുക്തമാക്കണം.

6. എല്ലാ സ്ഥാപനങ്ങളിലും എത്തുന്ന ജീവനക്കാരുടെ ശരീര താപനില പരിശോധിക്കുവാന്‍ സംവിധാനം ഉണ്ടാകണം. ശരീര താപനില 38 ഡിഗ്രിക്ക് മുകളിലാണെങ്കില്‍ കടകളില്‍ പ്രവേശിപ്പിക്കരുത്. ഏതെങ്കിലും കടകളിലെ ജീവനക്കാരന് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ക്വാറന്റൈന്‍ ചെയ്യണം. ആരോഗ്യ മന്ത്രാലത്തില്‍ അറിയിക്കുകയും വേണം.

7. മുഴുവന്‍ സ്ഥാപനവും 24 മണിക്കൂറില്‍ ഒരു തവണയെങ്കിലും അണുമുക്തമാക്കണം. പതിനഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശനമില്ല. ഇവരെ അകത്തു കടക്കാന്‍ അനുവദിക്കരുത്.

8. സ്ഥാപനങ്ങളിലെ ലിഫ്റ്റുകള്‍ക്ക് പകരം എസ്കലേറ്ററുകള്‍ ഉപയോഗപ്പെടുത്തണം. എസ്കലേറ്റര്‍ ഇല്ലെങ്കില്‍ ഒരു സമയം ഒരു എലവേറ്ററിലോ ലിഫ്റ്റിലോ രണ്ടിലധികം ആളുകളെ അനുവദിക്കരുത്.

ഉത്തരവുകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും ചെറുകിട സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തും. ലംഘനം കണ്ടെത്തിയാല്‍ തത്സമയം പിഴ ഈടാക്കി കടകള്‍ അടപ്പിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here