റിയാദ്‌ ∙ സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1720 ആയി. പുതിയ ആറ് മരണം ഉൾപ്പെടെ 16 മരണങ്ങളാണ് കോവിഡ് 19 മൂലം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പുതിയ രോഗബാധിതരിൽ ഏറെയും മക്കയിലും മദീനയിലും ആണ്. മദീനയിൽ 78 ഉം മക്കയിൽ 55 ഉം ആണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാവർക്കും രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ പകർന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിയാദിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായി. ഏഴ് പേർക്ക് മാത്രമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദ്യം രോഗം കണ്ടെത്തിയ ഖത്തീഫിൽ ആറു പേർ ഇന്നത്തെ പട്ടികയിലും ഉണ്ടെങ്കിലും ദമാമിൽ ആരും ഇല്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, ഇന്ന് സുഖം പ്രാപിച്ച 99 പേരുൾപ്പെടെ മൊത്തം 264 പേർ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്. മറ്റു നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇന്നനെയാണ്: ഹുഫൂർ 3, ജിദ്ദ 3, അൽ ഹനാകിയ 1, തായിഫ് 2, തബൂക് 2. 

രാത്രി 7 മുതൽ രാവിലെ 6 വരെ പ്രഖ്യാപിച്ച കർഫ്യൂ രാജ്യത്താകെ തുടരുകയാണ്. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ പൊതുവായി 3 മണി  മുതലും പ്രത്യേക പ്രദേശങ്ങളിൽ മുഴുസമയവും ആണ് കർഫ്യൂ. കർഫ്യൂ സമയങ്ങളിൽ മെയിൽ വഴി അധികൃതരെ അറിയിച്ചതിന് ശേഷം അത്യാവശ്യ ആവശ്യങ്ങൾക്ക് പുറത്തിറങ്ങാനാകും. വെറുതെ ഇറങ്ങുന്നവർ കടുത്ത ശിക്ഷക്ക് വിധേയമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here