സൗദിയിൽ നിന്നുള്ള വിമാന യാത്രക്ക് ‘തവക്കൽനാ’ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്തിരിക്കണമെന്നത് നിർബന്ധമാക്കി സൗദി വ്യോമയാന അധികൃതർ. ‘തവക്കൽന’യിൽ രേഖപ്പെടുത്തിയ ആരോഗ്യ സ്ഥിതി അനുസരിച്ച് മാത്രമായിരിക്കും ബോഡിങ് പാസ് ഉൾപ്പെടെയുള്ളവ ഇഷ്യു ചെയ്യുക എന്നും അധികൃതർ വ്യക്തമാക്കി.

റസിഡൻഷ്യൽ ഐഡി മുഖേന ആപ്പിൽ റജിസ്റ്റർ ചെയ്യുന്നവർ ‘രോഗം ബാധിക്കാത്തവർ’, ‘വാക്സീൻ സ്വീകരിച്ച് പ്രതിരോധം നേടിയവർ’ എന്നീ രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരായിരിക്കണം. ഇതിന് വിരുദ്ധമായ ആരോഗ്യ സ്ഥിതിയുള്ളവരുടെ യാത്ര റദ്ദ് ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതായത് മൊബൈലിൽ സ്വന്തം റജിസ്റ്റർ ചെയ്ത തവക്കൽനാ ആപ്ലിക്കേഷനിൽ ഈ രണ്ട് സ്റ്റാറ്റസുകൾ കാണിക്കാത്തവർക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതേസമയം, ഒരു വ്യക്തിക്ക് കൊറോണ വൈറസ് ബാധയില്ലെന്നതിന് തെളിയിക്കാൻ മറ്റു രേഖകൾ ഹാജരാകേണ്ടി വരില്ലെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ എയർലൈനുകൾക്കും വിവരം കൈമാറിയിട്ടുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങൾ ‘തവക്കൽനാ’ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സൗദി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അസീസ് അൽ ദുഐജ് പറഞ്ഞു. ഓണലൈൻ ബുക്ക് ചെയ്തവരുടെ ആരോഗ്യ സ്ഥിതി അംഗീകൃത സ്റ്റാറ്റസിൽ നിന്ന് വ്യത്യാസപ്പെട്ടാൽ അവരുടെ യാത്ര റദ്ദ് ചെയ്തതായി എസ്എംഎസ് മുഖേന വിവരമറിയിക്കും. ഇങ്ങനെ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് പണം തിരികെ നൽകുന്നത് ഉൾപ്പെടെയുള്ള അവകാശങ്ങൾ ഉറപ്പ് വരുത്തണമെന്നും അധികൃതർ പറഞ്ഞു.

ആരോഗ്യ നിർദേശങ്ങളും മുൻകരുതൽ നടപടികളും പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സംഘത്തെ വിന്യസിച്ചതായും ജിഎസിഎ അറിയിച്ചു. ലംഘകരെ കണ്ടെത്തുന്നതിന് വിമാനത്താവളങ്ങൾ ജി‌എ‌സി‌എ കെട്ടിടങ്ങൾ മറ്റു ഇടങ്ങൾ എന്നിവയിൽ സുരക്ഷാ സേനയുമായി സഹകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ശരീര താപനില അളക്കൽ , സ്ക്രീനിങ് പോയിന്റുകൾ, “തവക്കൽന” ആപ്ലിക്കേഷൻ പരിശോധന എന്നിവയ്ക്കായി ഒരു പ്രോട്ടോക്കോൾ ഓഫീസറെയും 250 ഓളം മേൽനോട്ട ചുമതലക്കാരെയും സംവിധാനിച്ചിട്ടുണ്ട്. കൂടാതെ, വിമാനത്താവളങ്ങളിലും മറ്റു സൗകര്യങ്ങളിലും യാത്രക്കാർക്ക് അവബോധ സന്ദേശങ്ങളും വിദ്യാഭ്യാസവും നൽകി മുൻകരുതൽ, പ്രതിരോധ ആരോഗ്യ നടപടികൾ പാലിക്കാൻ വിമാനത്താവളത്തിലെ എല്ലാ കമ്പനികളോടും ഷോപിങ് സെന്ററുകളോടും വ്യോമയാന അതോറിറ്റി നിർദേശിച്ചു.

ആരോഗ്യ മന്ത്രാലയവുമായി ഏകോപിച്ച് കൊറോണ വൈറസ് പടരാതിരിക്കാനും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും എല്ലാ മുൻകരുതലുകളും അതോറിറ്റി നടപ്പാക്കുന്നതായി അൽ ദുഐജ് പറഞ്ഞു. ഇക്കാര്യത്തിൽ, രാജ്യത്തിന്റെ പ്രത്യേക നിർദേശങ്ങൾക്കും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കും അനുസൃതമായി ഏറ്റവും ഉയർന്ന രീതിയിലുള്ള നടപടികളാണ് കൈകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here