കോവിഡ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിമാനസർവീസ് ആദ്യ ആഴ്ചയിൽ സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരുന്ന പ്രവാസികളുടെ എണ്ണം ആയിരത്തോളം മാത്രം. നിലവിൽ പുറത്തുവിട്ടിട്ടുള്ള വിവരങ്ങൾ പ്രകാരം സൗദി അറേബ്യയിൽ നിന്ന് കേരളത്തിലേക്ക് മൂന്നു വിമാന സർവീസുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആദ്യദിവസം റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് 200 പേരെയും അഞ്ചാം ദിവസം ദമാമിൽ നിന്നും കൊച്ചിയിലേക്ക് 200 പേരെയും ഏഴാം ദിവസം ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് 200 പേരെയും വീതമാണ് കേരളത്തിൽ എത്തിക്കുക.

മൂന്നു സർവീസുകളിൽ ആയി ആകെ 600 പേർ കേരളത്തിൽ എത്തുമ്പോൾ മൂന്നാം ദിവസം റിയാദിൽ നിന്നും ആറാം ദിവസം ജിദ്ദയിൽ നിന്നും ഡൽഹിയിലേക്കുള്ള സർവ്വീസുകളിൽ 400 യാത്രക്കാരും ഇന്ത്യയിലെത്തും. ചുരുക്കത്തിൽ ആദ്യ ആഴ്ചയിൽ അഞ്ചു വിമാന സർവീസുകളിലായി ആയിരം പ്രവാസികൾ മാത്രമേ രാജ്യത്തേക്ക് എത്തുകയുള്ളൂ എന്നാണു ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മുഴുവൻ യാത്രക്കാരും ആരോഗ്യം സംബന്ധിച്ചുള്ള സെൽഫ് ഡിക്ലറേഷൻ ഫോം എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിനും ആരോഗ്യവകുപ്പിനും നൽകണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൗദിയിൽ നിന്ന് നാട്ടിലേക്ക് അടിയന്തരമായി പോകുന്ന ആൾക്കാരുടെ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല എന്നും എംബസി വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here