ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെങ്കിലും ചില സ്കൂളുകൾ വീണ്ടും ഓൺലൈൻ പഠനം തുടരും. ദുബായിലെ ചില സ്കൂളുകളും ഓൺലൈൻ പഠനരീതി ആരംഭിക്കുകയാണെന്ന് ഞായറാഴ്ച രക്ഷിതാക്കളെ അറിയിച്ചു. ജെംസ് സ്കൂളുകൾ, വിക്ടറി ഹൈറ്റ്‌സ് പ്രൈമറി സ്കൂൾ, കെന്റ് കോളേജ് ദുബായ്, ദുബായ് ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ ആൻഡ് കോളേജ് തുടങ്ങിയവയാണ് ഓൺലൈൻ പഠനം ആരംഭിക്കുന്നത്. കോവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്നാണ് തീരുമാനം. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (കെ.എച്ച്.ഡി.എ.) പൂർണ പിന്തുണയോടെയാണ് വിദൂര പഠനത്തിലേക്കുള്ള താത്‌കാലിക മാറ്റം. കോവിഡ് പരിശോധനാഫലത്തിന്റെ കാര്യത്തിൽ ഓരോ സ്കൂളുകൾക്കും സ്വയം തീരുമാനമെടുക്കാമെന്ന് അറിയിച്ചിരുന്നു.

ജനുവരി മൂന്നുമുതൽ ആദ്യ രണ്ടാഴ്ചയായിരിക്കും അബുദാബി, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം. പരിശീലനസ്ഥാപനങ്ങൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവയും ഇതേരീതി നടപ്പാക്കും. കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനത്തിൽ മാറ്റം വരുത്തും. സർക്കാർ സ്കൂളുകളെല്ലാം രണ്ടാഴ്ച ഓൺലൈൻ ക്ലാസുകളായിരിക്കുമെന്ന്‌ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

ഷാർജയിൽ എല്ലാ സ്കൂൾ ജീവനക്കാരും 12 വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും 96 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. കൂടാതെ സ്കൂൾയാത്രകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയും താത്കാലികമായി നിർത്തിവെച്ചതായി ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അറിയിച്ചു. സ്കൂളുകളിൽ പ്രവേശിക്കുന്ന രക്ഷിതാക്കൾ ഗ്രീൻ പാസ് സ്റ്റാറ്റസിന്റെ തെളിവ് അൽ ഹൊസൻ ആപ്പിൽ കാണിക്കണം. ആറ്ു വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും മുഖാവരണം ധരിച്ചിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here