ഇന്ത്യൻ തൊഴിലാളികൾക്ക് തണലൊരുക്കി ഷാർജ പൊലീസ് ശ്രദ്ധേയരായി. ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസിയുടെ പ്രത്യേക നിർദേശപ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ ചൂട് സഹിച്ച് നിർമാണത്തിലുള്ള കെട്ടിടത്തിൽ താമസിച്ച 280 ഇന്ത്യൻ തൊഴിലാളികൾക്ക് അൽ ഖുദ് റയിലെ പൊലീസ് സയൻസ് അക്കാദമിയിൽ താമസ സൗകര്യമൊരുക്കുകയായിരുന്നു. പൊലീസ്, ഷാർജ ഇന്ത്യൻ സ്കൂൾ എന്നിവയുടെ ബസുകളിലായിരുന്നു ഇവരെ കൊണ്ടുപോയത്.

ഷാർജ പൊലീസിന്റെ ഡയറക്ട് ലൈൻ റേഡിയോ പരിപാടിയിലേയ്ക്ക് ആരോ വിളിച്ചറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. വ്യവസായ മേഖല മൂന്നിലെ നിർമാണത്തിലുള്ള കെട്ടിടത്തിൽ താമസ സൗകര്യമില്ലാതെ കുറേ തൊഴിലാളികൾ കനത്ത വേനൽച്ചൂട് സഹിച്ച് കഴിയുന്നു എന്നായിരുന്നു അറിയിച്ചത്. തെലുങ്കാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനക്കാരായിരുന്നു കൂടുതലും. സന്ദർശക വീസയില്‍ ഉപജീവനം തേടിയെത്തി ജോലി ലഭിക്കാതെയും ഏജന്റ് പറ്റിച്ചും കുടുങ്ങിയവരും വീസ കാലാവധി കഴിഞ്ഞു തിരിച്ചുപോകാനാകാൻ സാധിക്കാത്തവരും തൊഴിൽ നഷ്ടപ്പെട്ടും പാസ്പോർട്ട് നഷ്ടപ്പെട്ടും ദുരിതത്തിലായവരുമാണ് ഇവരെല്ലാം.

ഉടൻ തന്നെ പൊലീസ് തലവൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള മാർഗനിർദേശം നൽകി. കൂടാതെ, ഇവർക്കു വേണ്ട മറ്റു സൗകര്യങ്ങൾ നൽകാനും നിർദേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കുകയും ശുചിത്വമുള്ള സ്ഥലവുമാണ് അനുവദിച്ചത്. ഇത് ഷാർജ പൊലീസിൻ്റെ കരുതലിൻ്റെയും മാനുഷിക പരിഗണനയുടെയും ഉദാഹരണമായി.

വളരെ ദ്രുതഗതിയിൽ പ്രശ്നപരിഹാരമുണ്ടാക്കിയ ഷാർജ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രയത്നത്തെ മേജർ ജനറൽ അൽ ഷംസി അഭിനന്ദിച്ചു. കൂടാതെ, ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്തു. രാജ്യത്തെ തൊഴിൽനിയമം അനുസരിച്ച് തൊഴിലാളികളെ സംരക്ഷിക്കുമെന്നും എന്നും രാജ്യത്തിന് വലിയ സംഭാവന നൽകുന്ന അവർക്കൊപ്പമായിരിക്കും നിലകൊള്ളുകയെന്നും ഉറപ്പു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here