ന്യൂഡൽഹി: സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ ആശങ്കയറിയിച്ച് ശശി തരൂർ എംപി. കോവിഡ് മഹാമാരിയെ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കാനുള്ള(സർവൈലൻസ് സ്റ്റേറ്റ്) അവസരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ട്വ‌ിറ്റർ പേജിലാണ് ശശി തരൂർ അഭിപ്രായം രേഖപ്പെടുത്തിയത്.

കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി
‘സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും അരോഗ്യ സേതു ആപ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി സ്വകാര്യതയേയും വിവര സുരക്ഷയേയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇന്ത്യയിൽ ‘രഹസ്യനിരീക്ഷണ ഭരണകൂട’ത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു ഒഴികഴിവായി കോവിഡ് 19 മാറരുത്’– അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കൊറോണ വൈറസ് വ്യാപനത്തെ പരിശോധിക്കാനായി നിർമിച്ച ആരോഗ്യ സേതു ആപ്പിന് ഒരു വ്യക്തി നിൽക്കുന്ന സ്ഥലം അറിയാനാകും. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുമായി ബന്ധപ്പെടുന്നവരുടെ സാന്നിധ്യം ഇത് അറിയിക്കുന്നു. രാജ്യത്ത് മൂന്നാം ഘട്ട കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗരേഖയിലാണ് ഓഫിസുകളിൽ പോകുന്ന ജീവനക്കാർ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണമെന്ന നിർദേശം വച്ചത്.

വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് ഇത് ബാധകമല്ലെന്നും പറഞ്ഞിരുന്നു. കോവിഡ് കണ്ടെൻമെന്റ് സോണിൽ താമസിക്കുന്നവരും ഇത് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശം. ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണമെന്ന നിർദേശത്തിനെതിരെ വിവിധ ഭാഗത്തു നിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും സർക്കാരിനെതിരെ വിമർശമവുമായി രംഗത്തു വന്നു.

‘സർക്കാർ സംവിധാനങ്ങളുടെ മേൽനോട്ടമില്ലാതെ, ആപ്പിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യ നമ്മെ സുരക്ഷിതരാക്കും. പക്ഷേ, അനുവാദമില്ലാതെ ജനങ്ങളെ നിരീക്ഷിക്കാൻ രോഗഭീതി ആയുധമാക്കരുത്’ – രാഹുൽ പറഞ്ഞു. എന്നാൽ രാഹുൽ ഓരോ ദിവസവും പുതിയ കള്ളം പറയുകയാണെന്നു കേന്ദ്ര നിയമ, ഐടി മന്ത്രി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു. ജീവിതകാലം മുഴുവൻ മറ്റുള്ളവരെ രഹസ്യമായി നിരീക്ഷിച്ചവർക്ക് നല്ല കാര്യങ്ങൾക്കായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് മനസ്സിലാവില്ല. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ആപ്പിലുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here