യുഎഇ യെ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ രാജ്യാന്തര കേന്ദ്രമാക്കാനുള്ള പദ്ധതിക്ക് ദുബായിൽ തുടക്കം. ഇതിനായി വിവിധ സ്ഥാപനങ്ങളുടെയും സാങ്കേതിക-വിദ്യാഭ്യാസ വിദഗ്ധരുടെയും പങ്കാളിത്തമുള്ള 3ഡി പ്രിന്റിങ് സ്ട്രാറ്റജിക് അലയൻസിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രൂപം നൽകി. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ആസ്ഥാനത്ത് സന്ദർശനം നടത്തിയപ്പോഴായിരുന്നു ഷെയ്ഖ് ഹംദാന്റെ പ്രഖ്യാപനം.

3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ വികസനം, പരീക്ഷണം, വിവിധ ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്ക് പ്രത്യേക ഡിസ്ട്രിക്ട് രൂപവൽക്കരിക്കും. ഗവേഷണ കേന്ദ്രങ്ങൾ, രാജ്യാന്തര സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ എന്നിവയുടെ ആസ്ഥാനം കൂടിയായിരിക്കും ഇത്. ഉൽപന്നങ്ങൾ സംഭരിക്കാനും മറ്റുമായി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വെയർഹൗസ് ഇവിടെ സജ്ജമാക്കും.

നേട്ടങ്ങൾ

യുഎഇ യെ പഠന-ഗവേഷണ കേന്ദ്രമാക്കുന്നതിനൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നിർമിക്കും.

ആരോഗ്യം, നിർമാണം തുടങ്ങിയ മേഖലയ്ക്കടക്കം നേട്ടമാകും. ഭാവിയിലെ മാറ്റങ്ങൾ മുന്നിൽ കണ്ടുള്ള പദ്ധതിയിലൂടെ സാമ്പത്തിക വളർച്ച വേഗത്തിലാക്കാം. തൊഴിലവസരങ്ങൾ വർധിക്കും. കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ പദ്ധതിക്കു സാധ്യതയേറെയാണ്.

വമ്പൻ 3ഡി കെട്ടിടം

3ഡി പ്രിന്റിങ്ങിൽ ദുബായ് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. അൽ വർസാനിൽ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. 31 അടി നീളത്തിൽ 6900 ചതുരശ്ര അടിയിൽ 2 നില കെട്ടിടമാണ് നിർമിച്ചത്.

ചികിത്സയിൽ കൃത്യത

കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും. ശസ്ത്രക്രിയ ചെയ്യേണ്ട അവയവത്തിന്റെ 3ഡി പ്രിന്റ് തയാറാക്കുന്ന സാങ്കേതിക വിദ്യ ദുബായ് ഹെൽത്ത് അതോറിറ്റി ഉപയോഗപ്പെടുത്തുന്നുണ്ട്. ശസ്ത്രക്രിയയുടെ സമയം കുറയ്ക്കുകയും ചെയ്യാം.

എന്താണ് 3ഡി പ്രിന്റിങ്

ഒരു പാളിക്കു (ലെയർ) മുകളിൽ മറ്റൊരു പാളി എന്ന രീതിയിൽ കൂട്ടിവച്ചു ത്രിമാന രൂപം നിർമിക്കുന്ന അഡിറ്റീവ് സാങ്കേതിക വിദ്യയിലാണ് പ്രവർത്തനം. കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ത്രിമാന രൂപം ഡിസൈൻ ചെയ്തശേഷം വിവരങ്ങൾ അടങ്ങിയ ഫയൽ 3ഡി പ്രിന്ററിലേക്ക് ലോഡ് ചെയ്യുന്നു. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന പ്രിന്റ് ഹെഡ്, ഇവയെ നിയന്ത്രിക്കുന്ന ഗൈഡുകൾ, ഇലക്ട്രോണിക് സംവിധാനം എന്നിവയടങ്ങിയതാണ് പ്രിന്ററുകൾ. പ്രിന്റ് ഹെഡിൽ എക്സ്ട്രൂഡർ എന്ന ഘടകമുണ്ട്.

ഇതിലൂടെ തെർമോ പ്ലാസ്റ്റിക് ഗണത്തിലുള്ള ഉരുക്കിയ നിർമാണ വസ്തു പുറത്തുവരുകയും പല പാളികളായി മാറി ത്രിമാന രൂപം ഉണ്ടാകുകയും ചെയ്യുന്നു. ഭാവിയിലെ ഉൽപാദന മേഖലയിൽ 3ഡി പ്രിന്റിങ്ങിനു വൻസാധ്യതയാണുള്ളത്. മാറ്റങ്ങൾ വരുത്താൻ എളുപ്പം, ഭാവനാപൂർണമായ ഡിസൈൻ, കൃത്യത എന്നിവയാണു ചില പ്രത്യേകതകൾ.

LEAVE A REPLY

Please enter your comment!
Please enter your name here