കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾക്കു തുടക്കം കുറിക്കാനുള്ള വൻ പദ്ധതിയുമായി യുഎഇ. സ്റ്റാർട്ടപ്പ് രംഗത്തെ നിക്ഷേപം 150 കോടി ദിർഹത്തിൽ നിന്നു 400 കോടി ദിർഹമായി വർധിപ്പിക്കും.

ഡിജിറ്റൽ മേഖലയുടെ വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിട്ടു നാഷനൽ പ്രോഗ്രാം ഫോർ കോഡേഴ്സ്’ കർമപരിപാടികൾക്കു തുടക്കം കുറിച്ചതായും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഡിജിറ്റൽ രംഗത്തെ വമ്പൻ സ്ഥാപനങ്ങളായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, സിസ്കോ, ലിങ്ക്ഡിൻ, ഫെയ്സ് ബുക് തുടങ്ങിയവയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർക്കും ഒരുങ്ങുന്നത് വൻ അവസരങ്ങൾ. കോഡിങ് മേഖലയിൽ വൈദഗ്ധ്യം നേടിയ യുവനിരയുടെ നേതൃത്വത്തിൽ സാമൂഹികം, ജീവകാരുണ്യം എന്നിവയടക്കം 10 മേഖലകളിൽ സംരംഭങ്ങൾക്കു തുടക്കം കുറിക്കാനും ലക്ഷ്യമിടുന്നു.

ഡിജിറ്റൈസേഷന്റെ കാലഘട്ടത്തിൽ അഭിരുചിയുള്ളവരെ കണ്ടെത്തി ‘കോഡിങ്’ വിദഗ്ധരാക്കുക, നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുക എന്നിങ്ങനെ ഒട്ടേറെ കർമപരിപാടികൾ വിഭാവനം ചെയ്യുന്നു. കൂടുതൽ അവസരങ്ങളൊരുക്കി ഇന്ത്യൻ സംരംഭകരെ വരവേൽക്കാൻ ഇന്ത്യയിൽ ‘ടെക് ടൂർ’ നടത്താൻ ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ദുബായ് ടെക്നോളജി ഒൻട്രപ്രനർ ക്യാംപസിന്റെയും (ഡിടെക്) സംയുക്ത സംരംഭമായ ‘ദുബായ് സ്റ്റാർട്ടപ്പ് ഹബ്’ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

വൻ അവസരങ്ങൾ, ഗോൾഡൻ വീസ

വിവിധ രാജ്യങ്ങളിലെ കോഡിങ് വിദഗ്ധർക്കു യുഎഇയിൽ അവസരം ലഭിക്കും. ഇവരുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികൾ ആരംഭിക്കും. സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലടക്കം ഇവർക്ക് അവസരങ്ങൾ ലഭിക്കും. യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫിസിന്റെ മേൽനോട്ടത്തിലാകും ‘നാഷനൽ പ്രോഗ്രാം ഫോർ കേഡേഴ്സ്’.

ഈ രംഗത്തേക്കു കടന്നു വരുന്ന വിദേശികൾക്ക് യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വീസ ലഭിക്കും.

ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സർക്കാർ, ആരോഗ്യ സ്ഥാപനങ്ങളെയടക്കം സജ്ജമാക്കുക, പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക, സേവനം അതിവേഗത്തിലാക്കുക എന്നിങ്ങനെ ഒട്ടേറെ ചുമതലകൾ ഉണ്ടാകും.

സപ്പോർട്ടിങ് കോഡേഴ്സ്, ഒ‍ൻട്രപ്രണേഴ്സ്, സ്റ്റാർട്ടപ്പ്, വലിയ കമ്പനികൾ, വിദ്യാഭ്യാസ മേഖല എന്നിങ്ങനെ 5 തലങ്ങളിലാകും ‘നാഷനൽ പ്രോഗ്രാം ഫോർ കേഡേഴ്സ്’ നടപ്പാക്കുക.

ഈ രംഗത്തെ പ്രതിഭകളെ കണ്ടെത്താനും പരിശീലനം നൽകി മികച്ച അവസരങ്ങളൊരുക്കാനും രാജ്യത്തെ വിവിധ കമ്പനികൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവയുമായി സഹകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും.

വിവിധ വകുപ്പുകൾക്കു കീഴിലുള്ള സ്ഥാപനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യും.

എന്താണ് ‘കോഡിങ്’

കംപ്യൂട്ടറുമായുള്ള ‘ആശയവിനിമയമാണ്’ കോഡിങ്. മനുഷ്യൻ യന്ത്രങ്ങളോടു സംസാരിക്കുന്ന ഭാഷ. വിവിധ ജോലികൾക്ക് യോജിച്ചവിധം കംപ്യൂട്ടറുകളെ സജ്ജമാക്കുന്നു. കംപ്യൂട്ടറുകൾക്കും മൊബൈൽ ആപ്പുകൾക്കും മറ്റും കമാൻഡുകൾ നൽകുന്ന സംവിധാനത്തിന് സോഫ്റ്റ് വെയർ മേഖലയിൽ വൻ സാധ്യതയാണുള്ളത്. വിവിധ പ്രായക്കാർക്കുള്ള കോഡിങ് പരിശീലന പരിപാടികളുണ്ട്. സ്‌ക്രീനിൽ ചലിക്കുന്ന വസ്തുവിന്റെ വേഗം കൂട്ടാനും നിറം മാറ്റാനുമെല്ലാം കഴിയുന്ന പ്രോഗ്രാം കോഡുകൾ മുതൽ വമ്പൻ കമ്പനികളുടെ വെബ്സൈറ്റും ബിസിനസ് പ്ലാനുമെല്ലാം തയാറാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here