അജ്‌മാൻ : ശാരീരിക വെല്ലുവിളികളെ മനക്കരുത്തു കൊണ്ട് നേരിട്ട് ലോകത്തിന്റെ കയ്യടി നേടി മുന്നോട്ട് നീങ്ങുന്ന ആസിം വെളിമണ്ണയ്ക്ക് 50000 രൂപ സമ്മാനമായി നൽകി എസ്.എൻ.ഡി.പി യോഗം സേവനം യുഎഇ. കഴിഞ്ഞ ദിവസം എൺപത്തി ഒമ്പതാമത് ശിവഗിരി തീർത്ഥാടന സംഗമത്തോടനുബന്ധിച്ച് അജ്മാനിലെ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിലാണ് ആസിമിന് തുക കൈമാറിയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി എന്നിവരാണ് പരിപാടിയിൽ മുഖ്യ അതിഥികളായി എത്തിയത്.

തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലാണ് ആസിം. അജ്മാനിൽ വെച്ച് നടന്ന പരിപാടിയിൽ ഏവരെയും അദ്‌ഭുതപെടുത്തിയാണ് ആസിം വേദിവിട്ടത്. ഒരു മനുഷ്യന്റെ ജീവിത വിജയത്തിന്റെ ആദ്യപടി സ്വപ്നങ്ങളാണെന്നും അതിന് തടസമാകാൻ നമ്മളിലെ ബാഹ്യമായ കുറവുകൾക്ക് സാധ്യമല്ല എന്നുമാണ് ആസിം വിശദമാക്കിയത്. തന്റെ ജീവിതം തന്നെ ഉദാഹരണമാക്കിയാണ് ആസിം സംസാരിച്ചത്. തനിക്ക് നൽകിയ ഈ സ്വീകരണത്തിന് എസ്.എൻ.ഡി.പി യോഗം സേവനം യുഎഇ ഭാരവാഹികൾക്ക് ആസിം നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.വാചസ്പതി, ഫൈനാൻസ് കൺവീനർ ജനാർദ്ദന ബാബു, യുഎഇ വനിത കൺവീനർ ഉഷ ശിവദാസൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ സുരേഷ് തിരകുളം, ഷൈൻ.കെ.ദാസ്, മീഡിയ കൺവീനർ സുധീഷ് സുഗതൻ, പ്രോഗ്രാം ജനറൽ കൺവീനർ ശിവദാസൻ പൂവാർ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here