യൂറോ കപ്പില്‍ സ്‌പെയിന് ഇന്ന് ആദ്യ മത്സരം. ഗ്രൂപ്പ് ഇയില്‍ സ്വീഡന്‍ ആണ് സ്‌പെയിന്റെ എതിരാളികള്‍. മത്സരത്തില്‍ സ്‌പെയിന്‍ തന്നെയാണ് ഫേവറിറ്റുകള്‍ എങ്കിലും അട്ടിമറിയ്ക്കാന്‍ കെല്പുള്ള ടീമാണ് സ്വീഡന്‍. സെവിയ്യയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം.

ടൂര്‍ണമെന്റ് തുടങ്ങും മുന്‍പ് തന്നെ സ്‌പെയിനു തിരിച്ചടിയായി സെര്‍ജിയോ ബുസ്‌കറ്റ്‌സിനും ഡിയാലോ ലോറന്റെയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. ഇരുവരും ഇന്ന് കളിക്കില്ല. അതേസമയം, ലോറെന്റെയുടെ കൊവിഡ് ഭേദമായെന്നും താരം ഈ കളിയില്‍ ടീമിനൊപ്പം ഉണ്ടാവുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

മുതിര്‍ന്ന പ്രതിരോധ താരം സെര്‍ജിയോ റാമോസിനെ ഒഴിവാക്കിയാണ് പരിശീലകന്‍ യൂയിസ് എന്റിക്കെ ടീം പ്രഖ്യാപിച്ചത്. ഡി ഹിയയെ ബെഞ്ചില്‍ ഇരുത്തി ഉനായ് സിമോണ്‍ സ്പാനിഷ് ക്രോസ് ബാറിനു കീഴിലെത്തിയേക്കും. ഫെറാന്‍ ടോറസ്, മൊറാട്ട, തിയാഗൊ, കൊകെ, റോഡ്രി, ലപോര്‍ട്ട തുടങ്ങിയവര്‍ ഫസ്റ്റ് ഇലവനില്‍ കളിച്ചേക്കും.

സ്വീഡനും കൊവിഡ് പ്രതിസന്ധിയുണ്ട്. ദേജാന്‍ കുളുസേവ്കി, മത്തിയാസ് സ്വാന്‍ബെര്‍ഗ് എന്നിവര്‍ ഇന്ന് കളത്തില്‍ ഇറങ്ങില്ല. ഇബ്രാഹിമോവിച് പരുക്ക് മൂലം ടീമില്‍ ഉള്‍പ്പെടാത്തതും സ്വീഡന്റെ സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്പിക്കും.

വിക്ടര്‍ ലിന്‍ഡെലോഫ്, അലക്‌സാണ്ടര്‍ ഐസാക്, ക്രിസ്റ്റഫര്‍ ഓള്‍സണ്‍ തുടങ്ങിയവരാവും സ്വീഡന്റെ പ്രധാന താരങ്ങള്‍. 14 തവണയാണ് മുന്‍പ് ഇരു ടീമുകളും ഏടുമുട്ടിയത്. ആറ് തവണ സ്‌പെയിന്‍ ജേതാക്കളായപ്പോള്‍ മൂന്ന് വട്ടം സ്വീഡന്‍ വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here