ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഷോപ്പിങ് നടത്താൻ ദുബായ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കുന്നു. താമസ കുടിയേറ്റ വകുപ്പാണ് (ജി.ഡി.ആർ.എഫ്.എ.) പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും കിഴിവ് ലഭിക്കുന്നത്.

ഷോപ്പിങ് സെന്ററുകൾ, വിവിധ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ അടക്കമുള്ള വിവിധ ഇടങ്ങളിൽ പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ് ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിൽ നടന്നു. ജി.ഡി.ആർ.എഫ്.എ. ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയും ദുബായ് ഇക്കണോമിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ സാമി അൽ കംസിയും ചേർന്നാണ് ഡിസ്‌കൗണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

അൽ സാദ ടൂറിസ്റ്റ് സ്മാർട്ട് കാർഡ് എന്ന പേരിലാണ് കിഴിവ്. പാസ്‌പോർട്ട് കൗണ്ടറിന് മുന്നിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പ്രത്യേക ബാർകോഡ് നൽകും. ഇതിലെ കോഡ് സ്‌കാൻ ചെയ്ത് പാസ്‌പോർട്ട് നമ്പറും എത്തിച്ചേർന്ന തീയതിയും രജിസ്റ്റർ ചെയ്താൽ പദ്ധതിയുടെ ഭാഗമാകാം. പ്രൊമോഷൻ ലഭിക്കുന്ന സ്ഥാപനങ്ങളും അതിന്റെ ലൊക്കേഷനുകളും ആപ്പിൽ ദൃശ്യമാകും. പദ്ധതിയുമായി സഹകരിക്കുന്നവരുടെ സ്പെഷ്യൽ പ്രൊമോഷനുകളും, ഓഫറുകളും അറിയിപ്പായി എത്തും. ദുബായിലെ നൂറുകണക്കിന് സ്ഥാപനങ്ങളിൽനിന്ന് ഇത്തരത്തിൽ ഡിസ്‌കൗണ്ട് ലഭിക്കും. ഇംഗ്ലീഷ്, അറബി ഭാഷകളിലൊന്ന് ആപ്പിൽ തിരഞ്ഞെടുത്തു ഉപയോഗിക്കാൻ സൗകര്യമുണ്ട്. വിനോദസഞ്ചാരികൾ രാജ്യം വിടുന്നതോടുകൂടി കാർഡിന്റെ കാലാവധിയും അവസാനിക്കും. മറ്റൊരു ടൂറിസ്റ്റ് വിസയിൽ വീണ്ടും എത്തുമ്പോൾ അവർക്ക് പുതിയൊരു ഡിസ്‌കൗണ്ട് കാർഡ് നൽകും.

രാജ്യത്ത് എത്തുന്ന സന്ദർശകരുടെ സന്തോഷ അനുഭവങ്ങൾ വർധിപ്പിക്കാനാണ് ഇത്തരത്തിൽ ഒരു പദ്ധതിയുമായി മുന്നോട്ട് വരുന്നതെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന നിമിഷം മുതൽ പുറപ്പെടുന്നതുവരെ സഞ്ചാരികൾക്ക് അസാധാരണവും സന്തോഷകരവുമായ യാത്രാനുഭവങ്ങൾ ഇതിലൂടെ ലഭ്യമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here