ആഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്റെ മുന്നറിയിപ്പ്. 2018,2019 വര്‍ഷങ്ങള്‍ക്ക് സമാനമായി ഈ ആഗസ്റ്റിലും ശരാശരിക്കും മേലെ മഴ പെയ്യുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥാ വിദഗ്ദ്ധരില്‍ ഒരാളായി അറിയപ്പെടുന്ന പ്രദീപ് ജോണ്‍ എന്ന തമിഴ്നാട് വെത‍ര്‍മാന്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് പ്രദീപ് ജാ​ഗ്രതാ നി‍ര്‍ദേശം നല്‍കുന്നത്.

2018,2019 വര്‍ഷങ്ങളുടെ ആദ്യ പകുതിയില്‍ കേരളത്തിലും തമിഴ്നാട്ടിലും മഴ ശരാശരിയിലും താഴെയായിരുന്നു. പല മേഖലകളിലും വരള്‍ച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ പൊടുന്നനെ ശരാശരിയിലും പലമടങ്ങ് അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്. ഈ വര്‍ഷവും ഇതേ നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.ആഗസ്റ്റ് ഇരുപത് വരെയുള്ള ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് വ്യക്തമാണ്. ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലേയും തമിഴ്നാട്ടിലും മഴ ശക്തിപ്പെടുക. തീരപ്രദേശങ്ങളിലടക്കം നന്നായി മഴ പെയ്യുമെങ്കിലും കേരളവും തമിഴ്നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത.

ഡാമുകള്‍ വേഗം നിറയുന്നതിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും ഇതു കാരണമാകും.ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച മുതല്‍ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്,തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത വേണം. അതില്‍ തന്നെ ആഗസ്റ്റ് അഞ്ച് മുതല്‍ എട്ട് വരെയുള്ള നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. കാവേരി മേഖലയില്‍ കനത്ത മഴ ലഭിക്കാനാണ് സാധ്യത. കബനി നദിയും നിറഞ്ഞൊഴുകും. മേടൂര്‍ ഡാമില്‍ നിന്നും തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വലിയ തോതില്‍ ജലം ഒഴുക്കിവിടേണ്ടി വന്നേക്കാം. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here