തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ നടപടി ഹൈക്കോടതി ശരിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കെ എസ് ഐ ഡി സിയും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസുമാരായ കെ.വിനോദ ചന്ദ്രനും ടി.ആര്‍ രവിയും അടങ്ങുന്ന ബഞ്ച് തള്ളി.

വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കോടതി അംഗീകരിച്ചു. ഉയര്‍ന്ന തുക ക്വോട്ട് ചെയ്തവര്‍ക്ക് ടെന്‍ഡര്‍ നല്‍കില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ല. ഒരു എയര്‍പോര്‍ട്ടിന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ടിലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന സര്‍ക്കാര്‍ വാദവും ശരിയല്ല. ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ഉയര്‍ന്ന തുക ക്വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് യാത്രക്കാരുടെ താല്‍പര്യം കണക്കിലെടുത്താണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പങ്കെടുക്കാനാവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അദാനി ക്വോട്ട് ചെയ്ത യാത്രക്കാരന്‍ ഒന്നിന് 168 രൂപ എന്ന നിരക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടും സംസ്ഥാനത്തെ അവഗണിച്ചു വെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

വിമാനത്താവളം അദാനിക്ക് കൈമാറ്റയതിനെതിരായ ഹര്‍ജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈകോടതി തന്നെ വീണ്ടും കേള്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here