അബുദാബി: യുഎഇ യിൽ ഇന്ന് 449 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 48,246 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 314 ആയി. അതേ സമയം 665 പേർക്ക് രോഗം പൂർണമായും ഭേദമായി. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 37,076 ആയി.

ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി,സുസ്ഥിര കൃഷിക്കായി ഒരു ദേശീയ സംവിധാനം ആരംഭിച്ചുവെന്ന് യുഎഇ ഗവൺമെന്റ്.ഇതോടനുബന്ധിച്ച് പ്രാദേശിക ഫാമുകളുടെ ഉൽപാദനവും ഗുണനിലവാരവും വർദ്ധിപ്പിക്കാനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ വിദൂര മന്ത്രിസഭാ യോഗത്തിൽ ദേശീയ സർവകലാശാലകൾക്കായി 320 മില്യൺ ദിർഹം അധിക ബജറ്റ് പ്രഖ്യാപിച്ചു.

നിലവിൽ വിദേശത്ത് കുടുങ്ങി കിടക്കുന്ന എല്ലാ യുഎഇ നിവാസികളും കോവിഡ് -19 ടെസ്റ്റ് നടത്തണമെന്ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പുള്ള 72 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് എടുക്കാത്തവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും ഞായറാഴ്ച പ്രഖ്യാപിച്ച പ്രധാന മാർഗ്ഗ നിർദ്ദേശങ്ങളുടെ ഭാഗമാണിത്.

ലോകമെമ്പാടുമുള്ള 17 രാജ്യങ്ങളിലെ 106 നഗരങ്ങളിലായുള്ള അംഗീകൃത ലബോറട്ടറികളിലാണ് കോവിഡ് -19 ടെസ്റ്റ് നടത്തേണ്ടതെന്ന് അധികൃതർ അറിയിച്ചു. രണ്ടും മൂന്നും ഘട്ടങ്ങളുടെ ഭാഗമായി ഉടൻ തന്നെ കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ചേർക്കും. താമസക്കാർ‌ക്ക് smartservices.ica.gov.ae എന്ന വെബ്സൈറ്റിൽ നിന്നും അംഗീകൃത ലബോറട്ടറികളുടെ പട്ടിക ലഭ്യമാകും. അംഗീകൃത ലാബില്ലാത്ത രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന താമസക്കാർക്ക്, യുഎഇയിൽ തിരിച്ചെത്തുമ്പോൾ കോവിഡ് -19 പരിശോധനകൾ നടത്താം. താമസക്കാർ‌ തിരിച്ചെത്തിയാലുടൻ 14 ദിവസത്തേക്ക്‌ ക്വാറന്റൈനിൽ പോകേണ്ടതാണ്. ക്വാറന്റൈനും വൈദ്യസഹായത്തിനുമുള്ള എല്ലാ ചെലവുകളും വ്യക്തികൾ വഹിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here