യു.എ.ഇ.യിലെ ഏറ്റവും വലിയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപിന്റെ മൂന്നാമത്തെ മാൾ അൽ വർഖ സിറ്റി മാൾ പ്രവർത്തനം തുടങ്ങി. യൂണിയൻ കോപ് സി. ഇ.ഒ. ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡിവിഷൻ, ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാർ, മാനേജർമാർ തുടങ്ങിയവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.

സുസ്ഥിര ദേശീയ സമ്പദ് വ്യവസ്ഥയിലേക്കുകൂടി പ്രയോജനപ്പെടുന്ന വിപുലീകരണ പ്രവർത്തനങ്ങൾക്ക് അനുസൃതമായാണ് യൂണിയൻ കോപ്പ് പ്രവർത്തിക്കുന്നത്. ദുബായിലെ അൽ വർഖ മൂന്നിൽ മിർഡിഫിനും അൽ വർഖക്കും ഇടയിലൂടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ട്രിപ്പോളി സ്ട്രീറ്റിലാണ് മാൾ സ്ഥിതി ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ആ പ്രദേശത്തുള്ള കൂടുതൽ ആളുകളിലേക്ക് യൂണിയൻ കോപ് സേവനങ്ങൾ എത്തിക്കാനാവുമെന്നും അൽ ഫലാസി പറഞ്ഞു. രാജ്യത്ത് ഭക്ഷ്യസുരക്ഷ സംവിധാനം ഒരുക്കണമെന്ന ഭരണനേതൃത്വത്തിന്റെ നിർദേശങ്ങളോട് ചേർന്നുപ്രവർത്തിക്കും. ഇത്തരം പ്രവർത്തനങ്ങൾ സ്ട്രാറ്റജിക് കമ്മോഡിറ്റി ഇൻവെന്ററി സ്റ്റോക്ക് 20 ശതമാനം ഉയർത്തുന്നതിന് സഹായകരമാകും.

34.7 കോടി ദിർഹം നിർമാണ ചെലവിൽ 685112 ചതുരശ്രയടിയിലാണ് മാൾ വ്യാപിച്ചുകിടക്കുന്നത്. ഓരോ ചതുരശ്രയടിക്കും 373 ദിർഹം ചെലവഴിച്ചാണ് നിർമാണം. അൽ ബർഷ മാളിനും ഇത്തിഹാദ് മാളിനും ശേഷം യൂണിയൻ കോപ് തുടങ്ങുന്ന മൂന്നാമത്തെ മാളാണിത്. ട്രിപ്പോളി സ്ട്രീറ്റിലേക്ക് 191.26 മീറ്റർ നീളുന്നതാണ് മാളിന്റെ മുൻവശം. അഞ്ച് നിലകളാണ് കെട്ടിടത്തിനുള്ളത്. 28 സെയിൽ പോയിന്റുകളും രണ്ട് ഹൈപ്പർമാർക്കറ്റുകളുമുണ്ട്. കൂടാതെ 42 സ്റ്റോറുകളാണ് മാളിലുള്ളത്. ഈ സ്‌റ്റോറുകളിൽ 26 എണ്ണം ഗ്രൗണ്ട് ഫ്ളോറിലും 16 എണ്ണം ഒന്നാം നിലയിലുമാണ്. 11 കൊമേഴ്‌സ്യൽ കിയോസ്‌കുകളുമുണ്ട്. ഷോപ്പുകളിൽ 37 എണ്ണം ഇതിനകം വാടകയ്ക്ക് നൽകിയിട്ടുണ്ട്. 10 കിയോസ്‌കുകളാണ് വാടകക്ക് നൽകിയിട്ടുള്ളതെന്നും അൽ ഫലസി വ്യക്തമാക്കി.

കെട്ടിടത്തിന്റെ രണ്ടാംനില യൂണിയൻ കോപിന്റെ മാനേജ്‌മെന്റ് ഓഫീസുകൾക്കായാണ്. 300,000 ചതുരശ്രയടി വിസ്തീർണമുള്ള ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്‌ളോറിലുമായി 1000 പാർക്കിങ് സ്ഥലങ്ങളുണ്ട്. കൂടാതെ മാളിൽ ഒട്ടേറെ അന്തർദേശീയ, പ്രാദേശിക ബ്രാൻഡുകളുടെ ഷോപ്പുകളും റെസ്റ്റോറന്റുകളുമുണ്ട്. മെഡിക്കൽ സെന്റർ, ഫാർമസി, ജ്വല്ലറി സ്റ്റോറുകൾ എന്നിവയും അൽ വർഖ സിറ്റി മാളിലുണ്ട്. മാളിലെ യൂണിയൻ കോപ് ഹൈപ്പർ മാർക്കറ്റിൽ 48,000 ത്തിലേറെ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളാണ്. 161 വിഭാഗങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here