ആറ് മാസത്തെ എക്സ്പോ നയതന്ത്ര-വ്യാപാര മേഖലകളിലടക്കം പുതിയ കൂട്ടായ്മകൾക്കു വഴിയൊരുക്കി. യുഎഇയിൽ എംബസിയോ കോൺസുലേറ്റോ ഇല്ലാത്ത അറുപതോളം രാജ്യങ്ങൾ കാര്യാലയങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. യുഎഇയിലെ സാധ്യതകൾ ബോധ്യപ്പെട്ടതോടെ ആഫ്രിക്കയിലെയും പസഫിക് ദ്വീപ് സമൂഹങ്ങളിലെയും രാജ്യങ്ങൾ വൻകിട സംരംഭങ്ങൾക്ക് തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. പല സംരംഭങ്ങൾക്കും തുടക്കമായി.

എക്സ്പോയിൽ ധാരണയിലെത്തിയ പദ്ധതികൾ പ്രായോഗിക തലത്തിലെത്തുന്ന ഘട്ടമാണ് അടുത്തതെന്ന് ഐബിഎംസി സിഇഒയും എംഡിയുമായ പി. കെ. സജിത് കുമാർ പറഞ്ഞു. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു സഹായിക്കും. വൻതോതിൽ എണ്ണയുൽപാദനം ആരംഭിച്ച് രാജ്യാന്തര തലത്തിൽ സജീവമാകാനൊരുങ്ങുന്ന സെനഗൽ, യുഎഇയുമായുള്ള സഹകരണം ശക്തമാക്കുകയാണ്. രാജ്യാന്തര വിപണിയിൽ യുഎഇക്കുള്ള മേൽക്കൈ ഉപയോഗപ്പെടുത്തി കൂടുതൽ സംരംഭങ്ങൾ തുടങ്ങാനാണ് പദ്ധതി.

ട്യൂണ സുലഭമായ സോളമൻ ദ്വീപുകൾ യുഎഇയിലേക്ക് കയറ്റുമതി വർധിപ്പിക്കാനും സംരംഭങ്ങൾ തുടങ്ങാനും തയാറെടുക്കുന്നു. പാപുവ ന്യൂഗിനി, തുവാലു, ടാൻസനിയ തുടങ്ങിയവയും വൻ സംരംഭങ്ങൾക്കൊരുങ്ങുന്നു. സ്വർണഖനികളാൽ സമ്പന്നമായ പാപുവ ന്യൂഗിനി പല സുപ്രധാന പദ്ധതികൾക്കും ധാരണയിലെത്തി. ഈ രാജ്യങ്ങളെല്ലാം വിനോദസഞ്ചാര മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

യുഎഇയുമായി തന്ത്രപ്രധാന സഹകരണമുള്ള ഇന്ത്യയ്ക്കും ഇതു നേട്ടമാകും ഇതിൽ പല രാജ്യങ്ങളുമായും ഇന്ത്യയുമായി ദൃഢബന്ധമുണ്ടെന്നു മാത്രമല്ല ഇന്ത്യൻ സംരംഭങ്ങളുമുണ്ട്. ടാൻസനിയയിൽ റെയിൽ പാതകൾ നിർമിക്കുന്നതിലും വൈദ്യുതീകരിക്കാനുമുള്ള പദ്ധതികളിൽ ഇന്ത്യ ഒപ്പമുണ്ട്. സൗരോർജ, കാറ്റാടിപ്പാടം പദ്ധതികൾ, കൃഷി, ധാതുഖനനം, സാങ്കേതിക വിദ്യകളുടെ വികസനം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here