ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡിജി എസ് എസ് ദേസ്വാള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. തപോവന്‍ പ്രദേശത്തെ രണ്ട് തുരങ്കങ്ങളിലാണ് ആളുകള്‍ കുടുങ്ങിയത്. ഇതില്‍ ഒന്നിലുണ്ടായിരുന്ന 12 പേരെ രക്ഷപ്പെടുത്തി. അവരില്‍ ചിലര്‍ക്ക് പരുക്കുകളും ശ്വസന പ്രശ്നങ്ങളുമുണ്ട്. എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കി ഐടിബിപിയുടെ ജോഷിമത്ത് ആശുപത്രിയിലേക്ക് മാറ്റി,” അദ്ദേഹം പറഞ്ഞു.

“അടുത്ത തുരങ്കം 2 കിലോമീറ്റര്‍ അകലെയാണ്. 30-35 തൊഴിലാളികള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് ഞങ്ങളോട് പറഞ്ഞു. തുരങ്കം തുറക്കുമ്ബോള്‍ നിരവധി മാലിന്യങ്ങള്‍ ഉണ്ട്. അവ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുമുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു. ഇന്ത്യന്‍ ആര്‍മി, ഐടിബിപി, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ഈ പ്രവര്‍ത്തനത്തില്‍ ഒരുമിച്ചാണ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ആറ് എര്‍ത്ത് മൂവറുകളും ജെസിബികളുമുണ്ട്. എന്നാല്‍ തുരങ്കം തുറക്കുമ്ബോള്‍ വലിയ അളവില്‍ മാലിന്യം ഉണ്ട്, അത് നീക്കംചെയ്യാന്‍ സമയമെടുക്കുന്നു.”

തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ജീവന് ആപത്തൊന്നും സംഭവിക്കില്ലെന്നും അവരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“അവരുടെ ജീവന് ആപത്തൊന്നും സംഭവിക്കില്ലെന്നും അവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നീളവും ആഴവുമുള്ള ഒരു തുരങ്കമാണിത്. അതിനാല്‍ അവര്‍ക്ക് രാത്രി നിലനില്‍ക്കാന ആവശ്യമായ ഓക്സിജന്‍ അവിടെ ഉണ്ടായിരുന്നിരിക്കണം എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കൂടാതെ, ഇവര്‍ തുരങ്കത്തി ജോലി ചെയ്യുന്ന തൊഴിലാളികളാണ്. അവര്‍ക്ക് ഇത് ശീലമുള്ളതിനാലും ആ ഉയരത്തില്‍ കടുത്ത തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയില്ലാത്തതിനാലും സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമാണ്,” അദ്ദേഹം പറഞ്ഞു.

അതേസമയം കാണാതായ 125ലധികം തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. ചമോലിയിലെ ജോഷി മഠത്തിലെ തപോവന്‍ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലാണ് റിഷിഗംഗ വൈദ്യുതി പദ്ധതിയില്‍ ജോലി ചെയ്യുന്ന 125 തൊഴിലാളികളെ കാണാതായത്. കാണാതായവരുടെ കൃത്യമായ എണ്ണമല്ല ഇതെന്നും ഇനിയും വര്‍ധിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍പെട്ട എട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here