ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസ് (29) ന് 20 ലക്ഷം ദിർഹം (4 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. ഒന്നര വർഷത്തോളം നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് വിനുവിന് അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.

2019 നവംബർ 9 ന് ദുബായ് അൽ ഐൻ റോഡിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടാവുകയായിരുന്നു. വിനുവിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് ഡ്രൈവർക്ക് കോടതി ശിക്ഷവിധിക്കുകയും ചെയ്തു.എന്നാൽ ഈ വാഹനാപകടത്തിൽ കാര്യമായ പരിക്കുകളാണ് വിനുവിന് ഉണ്ടായത്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇദ്ദേഹത്തിന്റെ സഹോദരൻ വിനീഷ്, മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ ബന്ധുക്കളായ അലെൻ, ജിനു എന്നിവർ യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയെ സമീപിക്കുകയുണ്ടായി. ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇൻഷുറൻസ് അതോറിട്ടിയിൽ കേസ് സമർപ്പിച്ചു. ഷാർജ രജിസ്റ്റർ വാഹനം ഇൻഷുർ ചെയ്ത യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തത്. ഷാർജ കോടതിയിലെ മെഡിക്കോ ലീഗൽ ഡിപ്പാർട്മെന്റിൽ നിന്നും സമാഹരിച്ച ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ശക്തമായ രേഖകളുമായാണ് വിനുവിന്റെ അഭിഭാഷകൻ അതോറിറ്റിയെ സമീപിച്ചത്.

കേസ് കോടതിയിൽ എത്തിയപ്പോൾ അപകടമുണ്ടാകാൻ വിനുവും ഒരു കരണക്കാരനാണെന്നും അപകടം സംഭവിച്ച വ്യക്തി മറ്റൊരു അപകടം സംഭവിച്ചത് നിരീക്ഷിക്കാൻ സ്വന്തം വാഹനത്തിൽ നിന്നും ഇറങ്ങിയതിനാലാണ് അപകടം സംഭവിച്ചതെന്നുമാണ് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ വിനുവിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകൾക്കും വാദങ്ങൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ ഇൻഷുറൻസ് കമ്പനിയുടെ പൊഴിവാദങ്ങൾക്ക് സാധിച്ചില്ല. തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ വിനു നഷ്ടപരിഹാരത്തിന് അർഹനാണെന്നും ഇൻഷുറൻസ് അതോറിട്ടി കണ്ടെത്തി.

വിനുവിന്റെ അഭിഭാഷകൻ സമർപ്പിച്ച ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടിന്റെയും കോടതിയെ ബോധ്യപെടുത്തിയ പരിക്കുകളുടെയും അടിസ്ഥാനത്തിൽ രണ്ട് മില്യൺ ദിർഹവും അത് പൂർണ്ണമായി അടച്ചു തീർക്കുന്നതുവരെയുള്ള ഒൻപത് ശതമാനം നിയമപരമായ ഗുണവും ഇൻഷുറൻസ് കമ്പനി വിനുവിന് നൽകാൻ ഇൻഷുറൻസ് അതോറിട്ടി ഉത്തരവിട്ടു. എന്നാൽ ഇൻഷുറൻസ് അതോറിട്ടിയുടെ വിധിയിൽ അതൃപ്‍തി ചൂണ്ടികാണിച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനി ദുബായ് സിവിൽ കോടതിയിൽ കേസ് കൊടുത്തു.

വിനുവിനുണ്ടായിട്ടുള്ള പരിക്കുകൾ അത്ര മാരകമല്ലെന്നും മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഉണ്ടായിട്ടുള്ളത് 5 ശതമാനം മാത്രം പരിക്കുകളാണെന്നും ഈ സംഭവത്തിൽ പരിക്ക് പറ്റിയ വിനുവിന്റെ ഭാഗത്തും തെറ്റുണ്ടെന്നും, ആയതിനാൽ നഷ്ടപരിഹാരമായി ഇൻഷുറൻസ് അതോറിട്ടി വിധിച്ച രണ്ട് മില്യൺ ദിർഹം റദ്ധാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഇൻഷുറൻസ് കമ്പനി സിവിൽ കോടതിയിൽ കേസ് സമർപ്പിച്ചത്. എന്നാൽ വിനുവിന്റെ അഭിഭാഷകൻ ഇൻഷുറൻസ് കമ്പനി പറയുന്നത് വാസ്തവവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണെന്ന് വാദിക്കുകയും ശക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഈ രേഖകൾ എല്ലാം തന്നെ കോടതി സൂക്ഷ്മമായി പരിശോധിച്ചു. ശേഷം വിനുവിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളെ വിലയിരുത്തിയ കോടതി വാദിയുടെ വാദങ്ങൾക്ക് സ്ഥിരതയോ മതിയായ തെളിവുകളോ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് സിവിൽ കോടതി ഇൻഷുറൻസ് അതോറിട്ടിയുടെ വിധി ശെരിവെക്കുകയും ഇൻഷുറൻസ് കമ്പനിയോട് വിനു എബ്രഹാമിന് രണ്ട് മില്യൺ ദിർഹം നഷ്ടപരിഹാരമായി നൽകുവാനും ഒപ്പം കോടതി ചിലവുകളും അടയ്ക്കുവാൻ ഉത്തരവിടുകയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here