കാലാവസ്ഥാ പ്രവർത്തന മേഖലയിലും പുനരുപയോഗ ഊർജ ഉപയോഗത്തിലും ലോകത്തെ മുൻനിര രാജ്യമാണ് യു.എ.ഇ. എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ ശുദ്ധ ഊർജവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ വികസിപ്പിച്ചുകൊണ്ട് യു.എ.ഇ. പ്രതിബദ്ധത പ്രകടിപ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബി സുസ്ഥിരതാ വാരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.

എക്‌സ്‌പോ 2020 ദുബായിലെ എക്‌സിബിഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സുസ്ഥിരതാ ആശയത്തിലുള്ള ആവിഷ്‌കാരങ്ങൾ നടത്തി വിജയികളായ പത്തുപേർക്ക് ശൈഖ് മുഹമ്മദ് സായിദ് സുസ്ഥിരതാ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ദുബായ് എക്‌സ്‌പോ വേദിയിൽ തുടക്കം കുറിച്ച സുസ്ഥിരവാരാചരണത്തിന്റെ ഭാഗമായാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വിജയികൾക്ക് ശൈഖ് മുഹമ്മദ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കൃതരായവരെ അദ്ദേഹം അനുമോദിച്ചു.

മാനവികതയുടെയും സാമ്പത്തിക മേഖലയുടെയും സുസ്ഥിര വികസനത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ യു.എ.ഇ. വലിയ പ്രാധാന്യമാണ് നൽകിവരുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇടപെടലുകളും ഇതിന് ശക്തി പകരുന്നു. യു.എ.ഇ. കഴിഞ്ഞവർഷം പ്രഖാപിച്ച അടുത്ത 50 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും സുസ്ഥിരതാ ആശയത്തിലൂന്നിയതാണ്. അതിന്റെകൂടി പശ്ചാത്തലത്തിൽ സുസ്ഥിരതാ സമ്മാനങ്ങൾ നൽകാൻ കഴിയുന്നത് പ്രതീക്ഷയാണ്.

ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പ്രചോദനകരമായ ആശയങ്ങൾക്ക് കരുത്തേകാൻ ഒട്ടേറെപ്പേരെ പാകപ്പെടുത്താൻ 14 വർഷമായി യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള പദ്ധതിയിലൂടെ കഴിയുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.

30 ലക്ഷം യു.എസ്. ഡോളറാണ് സുസ്ഥിരതാ പുരസ്കാരങ്ങളുടെ ആകെത്തുക. ഇതുവരെ പുരസ്കാരത്തിനർഹരായ 86 പ്രതിഭകളുടെ ആശയങ്ങളിലൂടെ 150-ഓളം രാജ്യങ്ങളിലെ 37 കോടി ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞു. ആരോഗ്യം, ഭക്ഷണം, ഊർജം, വെള്ളം എന്നീ വിഭാഗങ്ങളിലെ കണ്ടെത്തലുകൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക. ഇതിനുപുറമെ ഹൈസ്‌കൂൾ വിഭാഗങ്ങളിലും സമ്മാനം നൽകുന്നുണ്ട്.

ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here