കൊവിഡ് സാഹചര്യത്തില്‍ മദീന സന്ദര്‍ശനത്തിന് ഹറം അധികൃതര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസമാവുന്നു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിശ്ചയിക്കപ്പെട്ട സമയം ക്രമീകരിച്ച്‌ തിക്കും തിരക്കും ഉണ്ടാക്കാതെ സമാധാനത്തോടെ സന്ദര്‍ശനം നടത്താന്‍ ഇപ്പോള്‍ കഴിയുന്നതാണ് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നത്. ‘ഇഅ്തമര്‍നാ’ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് റൗദ ശരീഫ് സന്ദര്‍ശിക്കാനും പ്രവാചകന്റെ ഖബര്‍ സന്ദര്‍ശനത്തിനും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തു അനുമതി എടുക്കേണ്ടതുണ്ട്. സന്ദര്‍ശകര്‍ക്ക് അവരവരുടെ സൗകര്യം നോക്കി സമയം തിരെഞ്ഞെടുക്കാന്‍ അവസരം ഉള്ളതിനാല്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ചു തിക്കും തിരക്കും കുട്ടാതെ റൗദയും പ്രവാചകന്റെയും സമീപത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഖലീഫമാരുടെയും ഖബറുകള്‍ സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.

കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി അധികൃതര്‍ വിശുദ്ധ ഉംറ തീര്‍ത്ഥാടനത്തിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയ സമയത്ത് തന്നെ മദീന സന്ദര്‍ശനവും വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് മസ്ജിദുന്നബവി സന്ദര്‍ശിക്കാനും പ്രാര്‍ത്ഥന നടത്താനും അനുമതി നല്‍കിയപ്പോഴും റൗദയിലേക്കും പ്രവാചകന്റെ ഖബര്‍ സന്ദര്‍ശനത്തിനും വിലക്ക് തുടരുകയായിരുന്നു. പിന്നീട് റബീഉല്‍ അവ്വല്‍ മുതലാണ് പ്രവാചകന്‍ ‘സ്വര്‍ഗത്തോപ്പ്’ എന്ന് വിശേഷിപ്പിച്ച റൗദ ശരീഫും പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടവും സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിത്തുടങ്ങിയത്.

റൗദയില്‍ പ്രവേശിച്ചു പ്രാര്‍ത്ഥന നടത്താനും പ്രവാചകന്റെ ഖബറിടം സന്ദര്‍ശിച്ചു സലാം പറയാനും എപ്പോഴും ശക്തമായ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇത് അവധി ദിനങ്ങളില്‍ അധികമാകുകയും പലപ്പോഴും സന്ദര്‍ശക ബാഹുല്യം കാരണം ആളുകളെ നിയന്ത്രിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിയാറില്ല. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി അനുമതി വേണമെന്നതിനാല്‍ തിക്കും തിരക്കും ഇല്ലാതെ മദീന സന്ദര്‍ശനം ആശ്വാസത്തോടെയാണ് വിശ്വാസികള്‍ പൂര്‍ത്തീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here