കോഴിക്കോട്: ഇന്ത്യയില്‍ ഇന്ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു. ഭൂതകാലത്തിലെ പ്രൗഢി നഷ്‌ടപ്പെട്ടുവെങ്കിലും നവീന വാർത്താവിനിമയ സംവിധാനങ്ങളും ഇതര സേവനങ്ങളുമായി വർത്തമാന കാലത്തിലും സജീവമാണ് തപാൽ വകുപ്പ്. ഫോണും ഇന്റർനെറ്റുമെല്ലാം പ്രചാരത്തിൽ വന്നതോടെ ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാവരും മറന്നു കൊണ്ടിരിക്കുകയാണ്. ഹൃദയസ്പന്ദനങ്ങളെ അക്ഷരങ്ങൾക്കൊണ്ട് വർണിച്ച കത്തുകളായിരുന്നു ആദ്യ കാലങ്ങളിലെ സന്ദേശ വിനിമയ മാർഗം. ആ കത്തുകൾക്ക് യഥാർത്ഥത്തിൽ ജീവൻ നൽകിയത് തപാലുകളാണ്. തപാല്‍സ്റ്റാമ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഭാരതീയന്‍ മഹാത്മാഗാന്ധിയാണ്. ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ് കല്‍ക്കത്തയിലാണ് സ്ഥിതിചെയ്യുന്നത്.

കോവിഡ് മൂലം പെട്ടെന്ന് ലോക്ഡൗൺ ഉണ്ടാവുമെന്നും അതിത്ര മാത്രം നീണ്ടു പോവുമെന്നും നമ്മളാരും കരുതി കാണില്ല. തദവസരത്തിൽ ഓൺലൈൻ ജീവിതത്തിൽ സജീവമാകാൻ നമ്മളേവരും നിർബന്ധിതരായിരുന്നു. ഇതിനിടെ വേറിട്ട ഒരു സാമൂഹ്യ സംരംഭവവുമായി മാറുകയായിരുന്നു കോഴിക്കോട്‌ താമരശ്ശേരി സ്വദേശി ഫസൽ അലി.

“ഇറ്റാര”, സ്നേഹത്തിന്റെ സ്റ്റാമ്പുകൾ എന്ന പേരിൽ ഒരു കത്തെഴുതുന്ന കൂട്ടായ്മക്ക് തുടക്കം കുറിച്ചത്‌. ഇറ്റാര എന്ന് പറഞ്ഞാൽ മാൾട്ടെസ് ഭാഷയിൽ അക്ഷരങ്ങൾ എന്നാണ് അർത്ഥം. പ്രസിദ്ധ സൂഫി ഗായകൻ സമീർ ബിൻസി ഓൺലൈൻ ആയിട്ടാണ് സംരംഭത്തിന് തുടക്കം കുറിച്ചത്.

മൺമറഞ്ഞു പോവാൻ തുടങ്ങുന്ന നാട്ടിൻപുറങ്ങളിലെ നിത്യ കാഴ്ചയായ തപാലും തൽസേവനങ്ങളും തിരിച്ച് പിടിക്കുക മാത്രമല്ല, മറിച്ച് അദൃശ്യമായ ഒരുകൂട്ടം ആളുകളെ  വ്യത്യസ്തമായ രീതിയിൽ ചേർത്തിപിടിക്കുക എന്നത് കൂടി ഇതിന് പിന്നിൽ ലക്ഷ്യമാണ്.

നിലവിൽ ആയിരത്തിലധികം ആളുകളുള്ള ഒരു കൂട്ടമായി ഇറ്റാര വളരുകയും യുവാക്കൾക്കിടയിൽ നല്ല സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അണിയറയിൽ സമാന മനസ്കരായ അനുശ്രീ സത്യൻ, നൗറിൻ ജെന്ന, ഹമീം, രഞ്ജിത്ത്‌, സുഹൈർ തുടങ്ങി ആറോളം ചെറുപ്പക്കാരുടെ എല്ലാ വിധ പിന്തുണയും ഉണ്ടെന്ന് ഫസൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here