ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. പരമ്പര ഓസ്ട്രേലിയ തൂത്തുവാരി. അഞ്ചാം തീയതി ടി20 പരമ്പര ആരംഭിക്കും.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 190 റൺസിന്റെ നാണം കെട്ട പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറുകളിൽ 338/7 എന്ന കിടിലൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി 148ൽ അവസാനിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യൻ വനിതാ ടീം ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ മൂന്നാമത്തെ തോൽവിയാണിത് (റണ്ണടിസ്ഥാനത്തിൽ).

മൂന്നാം ഏകദിനത്തിലെ വിജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സര ഏകദിന പരമ്പരയും തൂത്തുവാരി (3-0). നേരത്തെ ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിനും ര‌ണ്ടാം ഏകദിനത്തിൽ മൂന്ന് റൺസിനുമായിരുന്നു ഓസ്ട്രേലിയയുടെ വിജയങ്ങൾ. ഈ മാസം അഞ്ചിന് ഇരു ടീമുകളും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് തുടക്കമാകും.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സെഞ്ചുറി നേടിയ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡിന്റെയും, അർധസെഞ്ചുറി നേടിയ അലീസ ഹീലിയുടെയും ബാറ്റിങ് മികവിലാണ് 338/7 എന്ന കൂറ്റൻ സ്കോർ നേടിയത്. ലിച്ച്ഫീൽഡ് 125 പന്തുകളിൽ 16 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും സഹായത്തോടെ 119 റൺസ് നേടിയപ്പോൾ, ഹീലി 85 പന്തിൽ നാല് ബൗണ്ടറികളും, മൂന്ന് സിക്സറുകളുമടക്കമാണ് 82 റൺസ് അടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയങ്ക‌ പാട്ടീൽ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here