സിഡ്നി∙ കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങുന്നതിനു തൊട്ടുമുൻപ് തന്റെ നിരാശ പങ്കുവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഓസ്ട്രേലിയ– പാക്കിസ്ഥാൻ പരമ്പരയിലെ മൂന്നാം മത്സരത്തിനായി സിഡ്നിയിലേക്കുള്ള യാത്രയ്ക്കിടെ ബാഗി ഗ്രീൻ (ടെസ്റ്റ് ക്യാപ്) മോഷണം പോയെന്നാണ് ഡേവിഡ് വാർണറുടെ പരാതി. ബാക്ക്പാക്ക് ബാഗിനുള്ളിലാണു തൊപ്പി സൂക്ഷിച്ചിരുന്നതെന്നും ഇതു കണ്ടെത്താൻ സഹായിക്കണമെന്നും വാർണര്‍ ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ അഭ്യർഥിച്ചു

‘എനിക്ക് വളരെയധികം വിലപ്പെട്ടതാണ് അത്. ഞാൻ അതിനെ വൈകാരികമായാണു കാണുന്നത്. നിങ്ങൾക്ക് എന്റെ ബാഗ് ആണ് ആവശ്യമെങ്കിൽ പകരം തരാൻ ഒരെണ്ണം എന്റെ കയ്യിലുണ്ട്. നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയേയോ അല്ലെങ്കിൽ എന്നെയോ സോഷ്യല്‍ മീ‍ഡിയ വഴി ബന്ധപ്പെടുക. എന്റെ ബാഗി ഗ്രീൻ തിരികെ നൽകുകയാണെങ്കിൽ ഈ ബാഗ് ഞാൻ സന്തോഷത്തോടെ നിങ്ങൾക്കു തരാം.’’– ഡേവിഡ് വാർണർ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.

ബാഗി ഗ്രീനിനു വേണ്ടി യാത്ര ചെയ്ത വിമാനക്കമ്പനിയെയും താമസിച്ച ഹോട്ടലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്നും വാർണര്‍ പറഞ്ഞു. സിഡ്നിയിൽ കളിച്ച് ടെസ്റ്റ് കരിയർ അവസാനിപ്പിക്കണമെന്നതു ‍ഡേവിഡ് വാർണറുടെ ആഗ്രഹമായിരുന്നു. ഏകദിന ക്രിക്കറ്റിൽനിന്നും വിരമിക്കുന്നതായി വാർണർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എങ്കിലും 2025 ലെ ചാംപ്യൻസ് ട്രോഫിയിൽ ടീമിന് ആവശ്യമെങ്കിൽ കളിക്കാൻ തയാറാണെന്നും വാർണർ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here