കേപ്ടൗൺ ∙ ഇന്ത്യൻ ആരാധകരും ചുരുക്കം ടീമംഗങ്ങളും ഇന്നലെ പുതുവർഷാഘോഷത്തിൽ മുഴുകിയപ്പോൾ സൂപ്പർ ബാറ്റർ വിരാട് കോലിയുടെ ‘ന്യൂഇയർ ആഘോഷം’ നെറ്റ്സിലായിരുന്നു. പേസ് ബോളിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പുതിയ വജ്രായുധം നാൻഡ്രെ ബർഗറെ നേരിടുന്നതിനുള്ള തയാറെടുപ്പുകൾക്കാണ് കോലി ഇന്നലെ നെറ്റ്സിൽ മണിക്കൂറുകൾ ചെലവിട്ടത്.

ആദ്യം സെന്റർ നെറ്റ്സിൽ ബോളർമാരെ നേരിട്ട കോലി പിന്നീട് ത്രോ ഡൗൺ സ്പെഷലിസ്റ്റുകളെ പരീക്ഷിച്ചു. നാളെയാണ് ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് തുടക്കം. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് നിരയെ കൂടുതൽ പരുക്കേൽപിച്ചത് അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഇടംകയ്യൻ പേസർ നാൻഡ്രെ ബർഗറായിരുന്നു. 2 ഇന്നിങ്സുകളിലായി 7 വിക്കറ്റ് ബർഗർ വീഴ്ത്തി.

എന്നാൽ ബർഗറെ പ്രതിരോധിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ ഇന്ത്യൻ ടീമിൽ ഇടംകൈ പേസർമാരില്ലെന്നതു വെല്ലുവിളിയായി. ഇതു മറികടക്കാൻ ഇടംകൈ പേസറായ ഒരു നെറ്റ്‌ബോളറെ ഇന്നലെ ഇന്ത്യൻ ടീം പരിശീലന ക്യംപിലെത്തിച്ചിരുന്നു. ഷോർട്ബോളുകൾക്കു മുന്നിൽ തലകുനിക്കാറുള്ള മധ്യനിര ബാറ്റർ ശ്രേയസ് അയ്യർക്ക് ഒന്നാം ടെസ്റ്റിലും ഇത്തരം പന്തുകൾ തലവേദനയായി

ഇതു പരിഹരിക്കുകയായിരുന്നു ഇന്നലെ ശ്രേയസിന്റെ പരിശീലന ലക്ഷ്യം. വാലറ്റത്ത് ഇന്ത്യയുടെ ബാറ്റിങ് തകർച്ചയ്ക്കു പരിഹാരം കാണുന്നതിനായി ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂർ ദീർഘനേരം ബാറ്റിങ് പരിശീലനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here