പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്നതിനും പുനരുപയോഗിക്കാവുന്ന ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ബോധവത്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കും. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ചും ബോധവത്കരിക്കും. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ടുവരികയെന്ന നയത്തിന്റെ ഭാഗമായാണിത്.

ദുബായ്: യുഎഇയിലെ ദുബായ് നഗരത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് 2024 ജനുവരി 1 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പുനരുപയോഗിക്കാവുന്ന ഉല്‍പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രമേയം പുറപ്പെടുവിച്ചത്

ദുബായ് എമിറേറ്റിലെ മുഴുവന്‍ വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഡെവലപ്മെന്റ് സോണുകളും ഫ്രീ സോണുകളും ഇതില്‍ ഉള്‍പ്പെടും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും പുനരുപയോഗവും നിയന്ത്രിക്കുന്നതിനാണ് ഷെയ്ഖ് ഹംദാന്റെ പ്രമേയം ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വ്യാപാരവും ഘട്ടംഘട്ടമായി നിരോധിക്കുന്നതാണ് പ്രമേയം.

പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഇതര ഇനങ്ങളും ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍, റീസൈക്കിള്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് അവയുടെ മെറ്റീരിയല്‍ ഘടന പരിഗണിക്കാതെ തന്നെ ഘട്ടംഘട്ടമായി നിരോധിക്കും. ഭക്ഷണ വിതരണ പാക്കേജിങ് സാമഗ്രികള്‍, പഴം-പച്ചക്കറി പൊതിയല്‍, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കുപ്പികളില്‍ ഉപയോഗിക്കുന്നതു പോലെ ഭാഗികമായോ പൂര്‍ണമായോ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച പാക്കേജിങ്് സാമഗ്രികള്‍, ലഘുഭക്ഷണ ബാഗുകള്‍, വെറ്റ് വൈപ്പുകള്‍, ബലൂണുകള്‍, ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഇത് പരമാവധി 2,000 ദിര്‍ഹം വരെയാകാം. പിഴ ചുമത്തപ്പെട്ടവര്‍ക്ക് പത്ത് ദിവസത്തിനകം അധികൃതര്‍ക്ക് രേഖാമൂലം അപ്പീല്‍ നല്‍കാവുന്നതാണ്.

ഘട്ടംഘട്ടമായുള്ള നിരോധനം

1- 2024 ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ബാധകമാകും.

2-2024 ജൂണ്‍ 1 മുതല്‍ ബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇതര ഉല്‍പന്നങ്ങള്‍.

3- 2025 ജനുവരി 1 മുതല്‍ കപ്പുകള്‍, സ്ട്രോകള്‍, കോഫിയും മറ്റും ഇടക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, കണ്ടെയ്നറുകള്‍, കോട്ടണ്‍ സ്വാബ്സ് തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍.

4- 2026 ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഭക്ഷണ പാത്രങ്ങള്‍, ടേബിള്‍വെയര്‍, പാനീയ കപ്പുകള്‍, അവയുടെ പ്ലാസ്റ്റിക് അടപ്പുകള്‍ എന്നിവ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.

നിരോധനമില്ലാത്ത പ്ലാസ്റ്റിക്കുകള്‍

മാംസം, മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, റൊട്ടി, മാലിന്യ സഞ്ചികള്‍ എന്നിവ പൊതിയുന്നതിനുള്ള നേര്‍ത്ത ഫിലിം റോളുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പാക്കില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. വിദേശകയറ്റുമതിക്കായി നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്കും ഇളവുകള്‍ ബാധകമാണ്. പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍, ഇതര ഷോപ്പിങ് ബാഗുകള്‍, ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here