ദുബായ് ∙ യുഎഇയുടെ ചൊവ്വാദൗത്യമായ ‘അൽ അമൽ’ (പ്രതീക്ഷ) ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. മുൻനിശ്ചയ പ്രകാരം ജൂലൈയിൽ പേടകം വിക്ഷേപിക്കും. അടുത്തവർഷം ജൂലൈയിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകം എത്തുമെന്നു പ്രതീക്ഷിക്കുന്നു. യുഎഇ രൂപീകൃതമായതിന്റെ 50ാം വർഷമാണ് 2021 എന്ന പ്രത്യേകതയുമുണ്ട്. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാകും വിക്ഷേപണമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ചൊവ്വയിൽ നിന്നുള്ള 1,000 ജിബിയിലേറെ വിവരശേഖരം കൈമാറാൻ പേടകത്തിനു കഴിയും. ചൊവ്വയുടെ ഉപരിതലത്തില്‍ ജലകണങ്ങളും പലതരം വാതകങ്ങളും ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രഹസ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാകും അൽ അമൽ പദ്ധതി. പേടകത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുള്ള വിവിധ പരീക്ഷണങ്ങൾ പൂർത്തിയാക്കി. ആഘാതങ്ങൾ ചെറുക്കാനുള്ള ശേഷി, കടുത്ത ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള കരുത്ത്, കമ്പന അതിജീവനശേഷി തുടങ്ങിയവ പരിശോധിച്ചു.

യൂണിവേഴ്സിറ്റി ഒാഫ് കൊളറാഡൊ ലബോറട്ടറി ഫൊർ അറ്റ്മോസ്ഫെറിക് ആൻഡ് സ്പേസ് ഫിസിക്സ്, യൂണിവേഴ്സിറ്റി ഒാഫ് കലിഫോർണിയ ബെർക് ലി സ്പേസ് സയൻസസ് ലബോറട്ടറി, അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സ്കൂൾ ഒാഫ് എർത്ത് ആൻഡ് സ്പേസ് എക്സ്പ്ലൊറേഷൻ എന്നിവയും ദൗത്യവുമായി സഹകരിക്കുന്നു. ചൊവ്വാ ഗ്രഹത്തെക്കുറിച്ചു വിലപ്പെട്ട വിവരങ്ങൾ ലഭ്യമാകാൻ അൽ അമൽ പദ്ധതി സഹായകമാകുമെന്ന് എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് മാനേജർ ഒമ്രാൻ ഷറഫ്, ശാസ്ത്രകാര്യ സഹമന്ത്രിര സാറ ബിൻത് യൂസഫ് അൽ അമിറി എന്നിവർ പറഞ്ഞു.

പ്രത്യേകതകൾ, നേട്ടങ്ങൾ

∙ ചൊവ്വയുടെ സൂക്ഷ്മചിത്രങ്ങൾ പകർത്താൻ കഴിയും. കൈമാറുന്ന ചിത്രങ്ങളും വിവരങ്ങളും രാജ്യത്തെ ഡേറ്റാ സെന്ററിൽ സൂക്ഷിക്കും. ഏതെങ്കിലും മേഖലയിൽ ഒതുങ്ങാതെ ചൊവ്വയുടെ സമഗ്രവിവരങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം

∙ ചൊവ്വയുടെ അന്തരീക്ഷം, കാലാവസ്ഥ, ഈർപ്പത്തിന്റെ അളവ്, വെള്ളത്തിന്റെ സാന്നിധ്യം, മണ്ണിന്റെ ഘടന തുടങ്ങിയവ സൂക്ഷ്മമായി മനസ്സിലാക്കാനാകും.

∙ ശേഖരിക്കുന്ന വിവരങ്ങള്‍ ലോകത്തിലെ ശാസ്ത്രസമൂഹവുമായി പങ്കുവയ്ക്കുകയും കൂടുതല്‍ ദൗത്യങ്ങള്‍ക്കു രൂപം നല്‍കുകയും ചെയ്യും.

∙ ചൊവ്വയെക്കുറിച്ചുള്ള പഠനം മറ്റു ഗ്രഹങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകമാകും.

∙ അറബ്‌മേഖലയെ ജ്യോതിശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും പഠന-ഗവേഷണ കേന്ദ്രമാക്കി മാറ്റും.

∙ റോബട്ടിക്‌സ്, നൂതന സാങ്കേതികവിദ്യകള്‍, ബഹിരാകാശ പേടകങ്ങളുടെ രൂപകല്‍പന, ബഹിരാകാശ ശാസ്ത്രപഠനം എന്നിവയിലും നേട്ടങ്ങൾ കൈവരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here