യു.എ.ഇ- ബ്രിട്ടീഷ് ഗവൺമെൻറുകളുടെ സംയുക്തമായ ഇടപെടലിലൂടെ പ്രത്യേകം ചാർട്ടർ ചെയ്ത എമിറേറ്റ്സ് വിമാനത്തിൽ 345 ബ്രിട്ടീഷ് പൗരന്മാർ യു.കെ യിലെത്തി. യു.എ.ഇ യിലെ എയർപോർട്ടുകൾ അടച്ചത് കാരണം രാജ്യത്ത് എത്താൻ സാധിക്കാതെ ബുദ്ധിമുട്ടിൽ ആയ ബ്രിട്ടീഷ് പൗരന്മാർക്ക് ആണ് ഗവൺമെൻറുകളുടെ സമയോചിതമായ ഇടപെടലുകളിലൂടെ
ആശ്വാസം ലഭിച്ചത്.

യുഎഇയിൽ സന്ദർശനത്തിനെത്തി കുടുങ്ങിയ 345 ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചു നാട്ടിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ടെന്നും ഉടൻ തന്നെ, യു.കെ യിൽ അകപ്പെട്ടിരിക്കുന്ന യുഎഇ പൗരന്മാരെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു എന്നും ബ്രിട്ടീഷ് അംബാസഡർ പാട്രിക് മൂഡി അറിയിച്ചു. ബ്രിട്ടീഷ് എംബസിയുടെയും ലണ്ടനിലുള്ള യു.എ.ഇ എംബസി യുടെയും ശക്തമായ ഇടപെടലിലൂടെയാണ് ഈയൊരു ദൗത്യം പൂർത്തീകരിക്കാൻ ആയതെന്നും ഇതിൽ യു.എ.ഇ ഗവൺമെൻറിൻറെ പങ്ക് ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് എത്താൻ സാധിക്കാതെ എയർപോർട്ടിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാൻ സാധ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും ക്ഷമയോടുകൂടി ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സഹകരിച്ച മുഴുവൻ യാത്രക്കാർക്കും ഞങ്ങളുമായി ഇഴചേർന്ന് പ്രവർത്തിച്ച ബ്രിട്ടീഷ് ഗവൺമെൻറിനും നന്ദി രേഖപ്പെടുത്തുന്നതായി യുഎഇ യു.കെ യിലെ യു.എ.ഇ അംബാസിഡറായ മൻസൂർ അബുൽഹൗൽ അറിയിച്ചു. യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ സ്വന്തം രാജ്യത്തേക്ക് എത്തിക്കാൻ മതിയായ നടപടികൾ കൈക്കൊള്ളുവാൻ അതാത് രാജ്യങ്ങളിലെ ഗവൺമെൻറ് ഓഫീസുകളുമായി ചർച്ചകൾ നടത്തണമെന്ന് വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ അംബാസഡർമാരോട് ദുബായ് വിദേശകാര്യവകുപ്പ് ഡയറക്ടറായ ശൈഖ് മക്തൂം ബിൻ ബുദ്ധി അൽ മഖ്തും നിർദ്ദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here