കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവരുന്ന സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.

ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചത്. പ്രളയകാലത്ത് സ്വീകരിച്ച കടുംപിടിത്തം ഇത്തവണ തുടരില്ലെന്നാണ് അറിയുന്നത്. അന്ന് അത് വിവാദമായ പശ്ചാത്തലത്തിലാണ്, ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിന് പുറമേ മന്ത്രിമാര്‍ ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും ധാരണയായി. നേരത്തെ ഒരു മാസത്തെ ശമ്ബളം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പോരാ എന്ന് കണ്ടാണ് പരിധി ഉയര്‍ത്തിയത്. സാലറി ചലഞ്ചിലൂടെ 2000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ലോക്ക്ഡൗണ്‍ നടപടികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായി. എങ്കിലും ജാഗ്രത ഇതേപോലെ തന്നെ തുടരണമെന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എല്ലാവരും യോജിച്ചു. കെഎസ്‌ഇബി ജീവനക്കാരോട് ഒരു മാസത്തെ ശമ്ബളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ സാലറി ചലഞ്ച് വിവാദമാകുകയും, കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തിരുന്നു. കൊറോണ പ്രതിരോധത്തിനായി വന്‍ വ്യവസായികളായ എം എ യൂസഫലി, കല്യാണരാമന്‍ തുടങ്ങി നിരവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here