കോവിഡ്-19 രോഗപ്രതിരോധത്തിന്റെ ഭാഗമെന്നോണം കുവൈറ്റിലെ പൊതുമേഖലകളിൽ ജോലിചെയ്യുന്നവർക്ക് ഏപ്രിൽ 26 വരെ അവധി നീട്ടിയതായി കുവൈറ്റ് ന്യൂസ് ഏജൻസി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 12 വരെ പ്രഖ്യാപിച്ചിരുന്ന അവധിക്കു മേൽ ഇപ്പോൾ രണ്ടാഴ്ച കൂടി നീട്ടി കൊണ്ടാണ് ഗവൺമെൻറ് ഉത്തരവായിരിക്കുന്നത്.

കുവൈത്തിൽ നിലവിൽ വൈകുന്നേരം 5 മണിമുതൽ രാവിലെ 6 മണി വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂവും ഈ കാലയളവിലേക്ക് നീട്ടി. മഹ്ബൗല, ജലിബ് അൽ ഷുയൂക് തുടങ്ങിയ മേഖലകൾ തിങ്കളാഴ്ച രാത്രി മുതൽ രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടാനും ഉത്തരവായി. ഇന്നലെ രേഖപ്പെടുത്തിയ 150 കേസുകൾ അടക്കം നിലവിൽ 665 ബാധിതരാണ് കുവൈറ്റിലുള്ളത്. രോഗവ്യാപനം കൂടുന്നതിന് ഭാഗമായാണ് ഇത്തരം ശക്തമായ മുൻകരുതലുകളെന്ന് സൂചിപ്പിക്കപ്പെടുന്നു.

അതേ സമയം, വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സ്പോൺസർമാർക്ക് എതിരെ ശക്തമായ നടപടികൾ എടുക്കാൻ തീരുമാനം ആയിട്ട് ഉണ്ടെന്നു ഗവൺമെൻറ് പ്രതിനിധിയായ തരീക്ക് അൽ മിസ്റാം അറിയിച്ചു. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാ അൽ ഖാലിദ് അൽ സബ അധ്യക്ഷൻ ആയിട്ടുള്ള ക്യാബിനറ്റ് മീറ്റിങ്ങിനു ശേഷം ഉള്ള ഓൺലൈൻ ന്യൂസ് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേക്കാണ് ഇതിനുള്ള ഉത്തരവാദിത്വം ക്യാബിനറ്റ് നൽകിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് ആരോഗ്യ വകുപ്പിൻറെ ആവശ്യപ്രകാരം അടിയന്തരമായി ഉന്നത ആരോഗ്യ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്ന കാര്യവും ക്യാബിനറ്റ് അംഗീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here