‘അസാധാരണ സമയത്ത് സുഹൃത്തുക്കൾ തമ്മിൽ സഹകരിക്കണം- നിങ്ങളോട് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും’ എന്നു പറഞ്ഞുകൊണ്ട് ഇന്ത്യയോടും ഇന്ത്യയിലെ ജനങ്ങളോടും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നന്ദി അറിയിച്ചു. മലേറിയ മരുന്നിനുള്ള കയറ്റുമതി നിയന്ത്രണം നീക്കിയ ഇന്ത്യൻ ഗവൺമെൻറ് നടപടിയോട് അനുബന്ധിച്ചാണ് ഡൊണാൾഡ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. കോവിഡ്-19 പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ലോറോക്വിൻ മരുന്ന് നൽകാനുള്ള ഇന്ത്യൻ ഗവൺമെൻറിന്റെ തീരുമാനം അമേരിക്കൻ ജനത ഒരിക്കലും മറക്കില്ല എന്നും ഈ പോരാട്ടത്തിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വത്തിന് നന്ദിയുണ്ടെന്നും അമേരിക്കൻ പ്രസിഡണ്ട് ട്വീറ്റ് ചെയ്തു.

കോവിഡ്-19 അമേരിക്കയിൽ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി മലേറിയയുടെ മരുന്ന് നൽകാൻ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ ആവശ്യം സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീഷണിയുമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഹൈഡ്രോക്സീ ക്ലോറോക്വിൻ മരുന്നിന് മാർച്ച് 25ന് ഏർപ്പെടുത്തിയ നിരോധനം ഇന്ത്യ പിൻവലിച്ചത്. ഇതേ തുടർന്ന് 2.9 കോടി ഡോസ് മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതിയും ചെയ്തു.

അതേസമയം, ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയ ഇന്ത്യൻ ഗവൺമെന്റിന്റെ നയത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. രാഹുൽ ഗാന്ധി, ശശി തരൂർ എം.പി തുടങ്ങിയവർ പ്രധാനമന്ത്രിക്കെതിരെ ട്വിറ്ററിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here