ക്രിക്കറ്റ് കളത്തിലെ ചൂടൻ എതിരാളികളായിരുന്ന ഇന്ത്യൻ താരം ഗൗതം ഗംഭീറും പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും വീണ്ടും നേർക്കുനേർ വന്നിരിക്കുകയാണ്. കളത്തിൽ പരസ്പരം കോർക്കുന്നത് പതിവാക്കിയിരുന്ന ഇരുവരും കളമൊഴിഞ്ഞെങ്കിലും കലിയൊഴിയുന്നില്ല. 2019ൽ പുറത്തിറങ്ങിയ ഷാഹിദ് അഫ്രീദിയുടെ ആത്മകഥയിലെ ഒരു ഭാഗത്തിൽ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമുണ്ട്. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കറങ്ങിനടക്കുന്ന ആ പരിഹാസങ്ങൾക്കെതിരെ അതിലും രൂക്ഷമായ ഭാഷയിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗംഭീർ. ട്വിറ്ററിലൂടെയാണ് പതിവുപോലെ ഗംഭീറിന്റെ വിമർശനം.

ഗംഭീറിനെ വ്യക്തിത്വമില്ലാത്തവനെന്നും പ്രത്യേകിച്ച് റെക്കോർഡുകളൊന്നും സ്വന്തമായില്ലാത്തവനെന്നൊക്കെയാണ് ആത്മകഥയിൽ അഫ്രീദി പരിഹസിക്കുന്നത്. ‘അയാളുടെ (ഗൗതം ഗംഭീർ) മനോഭാവം തന്നെ ശരിയല്ല. പ്രത്യേകിച്ച് വ്യക്തിത്വമൊന്നുമില്ലാത്തയാളാണ് ഗംഭീർ. ക്രിക്കറ്റെന്ന മഹത്തായ വേദിയിൽ പ്രത്യേകിച്ച് വിലാസമൊന്നുമില്ലാത്ത ഒരാൾ. എടുത്തുപറയാൻ തക്ക റെക്കോർഡുകളും അയാൾക്കില്ല. എന്നാലും അഹങ്കാരത്തിന് യാതൊരു കുറവുമില്ല. ഡോൺ ബ്രാഡ്മാനും ജയിംസ് ബോണ്ടും ഉൾച്ചേർന്നിരിക്കുന്ന ഒരാളേപ്പോലെയാണ് ഗംഭീറിന്റെ നാട്യം’ – അഫ്രീദി ആത്മകഥയിൽ എഴുതി. എന്നാൽ, വിമർശനങ്ങളോട് കടുത്ത ഭാഷയിലാണ് ഗംഭീർ പ്രതികരിച്ചത്. ‘സ്വന്തം പ്രായം പോലും ഓർമയില്ലാത്തയാളാണ് അഫ്രീദി. പിന്നെ എന്റെ റെക്കോർഡുകളൊക്കെ എങ്ങനെ ഓർത്തിരിക്കും? എങ്കിലും അഫ്രീദിയെ ഒരുകാര്യം ഓർമപ്പെടുത്താം. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ 54 പന്തിൽ 75 റൺസെടുത്തയാളാണ് ഗംഭീർ. അഫ്രീദിയുടെ സമ്പാദ്യം ഒരു പന്തിൽ പൂജ്യം റൺസ്! അതിലും പ്രധാനപ്പെട്ടൊരു കാര്യം. അന്ന് ഞങ്ങളാണ് കിരീടം ചൂടിയത്. ഒന്നുകൂടി. താങ്കൾ പറഞ്ഞത് ശരിയാണ്, നുണയൻമാരോടും വഞ്ചകൻമാരോടും അവസരവാദികളോടും എനിക്കൽപ്പം തലക്കനം കൂടുതലാണ്’ – ഗംഭീർ ട്വിറ്ററിൽ കൂട്ടിച്ചർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here