കോവിഡ് തീർത്ത ലോക്കുകൾ പടിപടിയായി തുറക്കുകയും ജനജീവിതം ക്രമേണ സാധാരണ നിലയിലേക്ക് പതിയെ തിരിച്ചുവരുകയും ചെയ്തതോടെ ഷാർജ അന്താരാഷ്​ട്ര എക്സ്പോ സെൻറർ വീണ്ടും സജീവമായി. ആദ്യപടിയായി മൂന്ന് ദിവസത്തെ ഇലക്ട്രോണിക്സ് എക്സിബിഷൻ ആരംഭിച്ചു.

എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ച് സർക്കാർ അധികാരികളുടെ മേൽനോട്ടത്തിൽ എക്സിബിഷനുകളും കോൺഫറൻസുകളും പുനരാരംഭിക്കാനുള്ള ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമാണിത്.

പ്രശസ്തമായ അന്താരാഷ്​ട്ര ഇലക്ട്രോണിക്സ് ബ്രാൻഡുകൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾക്ക് വിപുലമായ ഡീലുകളും ആകർഷകമായ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. എക്‌സിബിറ്റർമാർക്ക് വിൽപന വർധിപ്പിക്കുന്നതിനും നിലവിലുള്ള ഉപഭോക്താക്കളുമായി ആശയവിനിമയം വർധിപ്പിക്കുന്നതിനും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമുള്ള മികച്ച അവസരമാണിതെന്ന് എക്സ്പോ സെൻറർ വൃത്തങ്ങൾ പറഞ്ഞു. കെട്ടിടത്തിന്റെയും ഹാളുകളുടെയും അണുനശീകരണം, താപനില പരിശോധന, തെർമൽ കാമറ നിരീക്ഷണം, സുരക്ഷിത അകലം പാലിക്കൽ, ഫെയ്‌സ് മാസ്​ക്കുകൾ, കൈയുറകൾ, അണുനാശിനി എന്നിവയുൾപ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here