അബുദാബി സ്റ്റെം സെൽ സെന്റർ കണ്ടെത്തിയ കോവിഡ് ചികിത്സയായ സ്റ്റെം സെൽ തെറാപ്പി രോഗികളിൽ കൊറോണ വൈറസിനെ നശിപ്പിക്കുന്നില്ല എന്നും പകരം ലക്ഷണങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ഹെമറ്റോളജി ആൻഡ് ഓങ്കോളജി ഡിപ്പാർട്ട്മെൻറ് ഹെഡും സ്റ്റെം സെൽ പ്രൊജക്ട് അസിസ്റ്റന്റുമായ ഡോക്ടർ ഫാത്തിമ അൽ ഖാബിയാണ് ഈ വിവരം മാധ്യമങ്ങളോട് പങ്കുവെച്ചത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ മുന്നോട്ടു പോകുന്ന ഈ ചികിത്സ, കോവിഡ് പ്രതിരോധ രംഗത്ത് രാജ്യം കണ്ട ഏറ്റവും മികച്ച ചവിട്ടുപടിയാണ് എന്നും എഴുപത്തിമൂന്ന് രോഗികളിൽ നടന്ന പരീക്ഷണ ചികിത്സയിൽ മുഴുവൻ പേരും യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാതെ സുഖം പ്രാപിച്ചു എന്നും ഡോക്ടർ ഫാത്തിമ അറിയിച്ചു.

ചികിത്സയ്ക്ക് വിധേയമായരിൽ 25 ശതമാനം പേർ അതീവ ഗുരുതരാവസ്ഥയിൽ ഉള്ളവർ ആയിരുന്നു. കൂടുതൽ രോഗികളിൽ സ്റ്റെം സെൽ തെറാപ്പി പരീക്ഷിക്കാൻ ഞങ്ങൾ സജ്ജരാവുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അബുദാബി സ്റ്റെംസെൽ സെന്ററിലെ 28 ഓളം ഗവേഷകർ ചേർന്നാണ് കോവിഡ് രോഗലക്ഷണങ്ങളെ ഇല്ലാതാക്കുന്ന നൂതന ചികിത്സ സൗകര്യം കണ്ടെത്തിയിരിക്കുന്നത്. രോഗികളുടെ രക്തം എടുത്ത് പ്രത്യേകരീതിയിൽ ആക്ടിവേറ്റ് ചെയ്തു തിരിച്ച് രോഗിയിലേക്ക് നിക്ഷേപിക്കുന്നത് വഴിയാണ് സ്റ്റെം സെൽ തെറാപ്പി പ്രവർത്തിക്കുന്നത്. ആക്ടിവേറ്റ് ചെയ്യപ്പെട്ട മൂലകോശങ്ങൾ ശരീരത്തിൽ കൊറോണ ആക്രമണം മൂലം നശിപ്പിക്കപ്പെട്ട കോശങ്ങളെ പുതുതായി സൃഷ്ടിച്ചു ആരോഗ്യ നില പരിരക്ഷിക്കുമെന്നും ഡോക്ടർ ഫാത്തിമ അൽ ഖാബി നൽകിയ വിശദീകരണത്തിൽ പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here