ചരിത്രം സാക്ഷിയായി. ദീര്‍ഘകാലത്തെ വൈര്യം മാറ്റിവെച്ച് അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്‌റൈനും ഇസ്രയേലുമായി സമാധാനപാത ഉറപ്പിച്ചു. യു.എസ്. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലായിരുന്നു ചരിത്രപരമായ ചടങ്ങ്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ സാക്ഷിയായി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചൊവ്വാഴ്ച ഉടമ്പടിയില്‍ ഒപ്പുവെച്ചു.

ഒരുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ് രാജ്യങ്ങൾ ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്ന് വാര്‍ത്തകളുമുണ്ട്. ബഹ്റൈന്‍-ഇസ്രയേല്‍ ധാരണയെ ഒമാനും അഭിനന്ദിച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രയേലിന്റെ പാത പിന്തുടരുമെന്നും ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

നയതന്ത്ര, സാമ്പത്തികതലങ്ങളില്‍ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനല്‍കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് കരാര്‍. മധ്യേഷ്യയുടെ പുതിയ ചരിത്രവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 13-നാണ് യു.എ.ഇ. ഇസ്രയേലുമായി സമാധാനത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ധാരണ. സെപ്റ്റംബര്‍ 11-ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയും കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാരെദ് കുഷ്‌നറുടെ നേതൃത്വത്തില്‍ നയതന്ത്രതലത്തില്‍ മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഉടമ്പടി സാധ്യമായത്.

LEAVE A REPLY

Please enter your comment!
Please enter your name here