റമളാന് മുന്നോടിയായി പ്രത്യേക സുരക്ഷാ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. കോവിഡ് 19 വ്യാപന പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് പ്രത്യേക നിർദേശങ്ങൾ ഇറക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന കാര്യം തന്നെയാണ് നിർദേശങ്ങളിൽ മുഖ്യമായും പറയുന്നത്.

റമദാൻ വ്രതവും കോവിഡ് 19ന്റെ അപകടസാധ്യതയും സംബന്ധിച്ച് ഇതുവരെ പഠനങ്ങളൊന്നുമുണ്ടായിട്ടില്ല. ആ സാഹചര്യത്തില്‍ കോവിഡ് ബാധിതരായ വ്യക്തികൾക്ക് ഡോക്ടറുടെ നിർദേശ പ്രകാരം വ്രതം അനുഷ്ഠിക്കാമെന്നാണ് WHO പറയുന്നത്.

റമളാന്റെ ഭാഗമായുള്ള കൂട്ടം കൂടലുകൾ പരമാവധി ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഥവ ഏതെങ്കിലും വിധത്തിൽ കൂട്ടായ്മ ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ ശക്തമായ പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ സാമുദായിക നേതാക്കൾ തന്നെ മുന്‍കയ്യെടുത്ത് തീരുമാനങ്ങൾ കൈക്കൊള്ളണം.

എല്ലാ രാജ്യങ്ങള്‍ക്കുമായി പൊതുവായ നിർദേശങ്ങളാണ് നൽകിയിരിക്കുന്നതെങ്കിലും രാജ്യങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് ഭരണാധികാരികള്‍ക്ക് തീരുമാനം എടുക്കാം.

ലോകാരോഗ്യ സംഘടനയുടെ സുപ്രധാന നിർദേശങ്ങൾ

🔘 സാമൂഹിക അകലം കൃത്യമായി പാലിക്കുക.ആളുകള്‍ തമ്മിൽ ഒരു മീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം
🔘 സ്പർശിച്ചു കൊണ്ടുള്ള അഭിവാദ്യങ്ങൾ ഒഴിവാക്കുക
🔘 റമദാനുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഒരുപാട് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക
🔘 എതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉള്ളവർ ഒരു ചടങ്ങിലും പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം
🔘 പ്രായമുള്ളവരും പ്രമേഹം,രക്തസമ്മർദ്ദം തുടങ്ങി ശാരീരിക പ്രശ്നം ഉളളവരും നിർബന്ധമായും കൂട്ടായ്മകൾ ഒഴിവാക്കണം
🔘 ഏതെങ്കിലും തരത്തിലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നെങ്കിൽ വിശാലമായ സ്ഥലത്ത് സംഘടിപ്പിക്കണം
🔘 ചടങ്ങുകളുടെ സമയ ദൈർഘ്യം കുറയ്ക്കണം
🔘 ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കണം.
🔘 ചടങ്ങുകളിൽ വ്യക്തിശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കണം.
🔘 ആരാധനാസ്ഥലങ്ങൾ വൃത്തിയായിരിക്കണം.
🔘 സക്കാത്ത് നൽകുന്ന വേളയിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ റമളാൻ കാലവും കനത്ത നിയന്ത്രണങ്ങൾക്ക് നടുവിലായിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രാര്‍ഥനയും നോയമ്പു തുറയും വീടുകളില്‍ തന്നെ നടത്തണമെന്ന് രാജ്യത്തെ വിവിധ ഇസ്ലാമിക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here